ഇടമലയാ‌ർ ആനവേട്ട കേസ്: പ്രതി തങ്കച്ചനെ കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Jul 26, 2019, 9:28 PM IST
Highlights

ആനവേട്ട കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളെ കോതമംഗലം കോടതി നാല് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. 

ഇടമലയാർ: ആനവേട്ട കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളെ കോതമംഗലം കോടതി നാല് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. കുട്ടന്പുഴ സ്വദേശി വലിയപറന്പിൽ തങ്കച്ചനെയാണ് വനം വകുപ്പ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയത്.

ഇടമലയാർ തുണ്ടം റേഞ്ചിൽ രജിസ്റ്റർ ചെയ്ത നാല് ആനവേട്ട കേസുകളിൽ പ്രതിയാണ് തങ്കച്ചൻ. കഴിഞ്ഞ തിങ്കളാഴ്ച കോതമംഗലം കോടതിയിൽ ഹാജരായി മൂന്ന് കേസുകളിൽ ജാമ്യമെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ തങ്കച്ചനെ വീട് വളഞ്ഞാണ് വനം വകുപ്പ് പിടികൂടിയത്. ആനവേട്ടയിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള ഇയാൾ കഴിഞ്ഞ നാല് വർഷമായി ഒളിവിലായിരുന്നു.

അൻപത്തിയൊന്ന് പ്രതികളുള്ള ഇടമലയാ‌ർ ആനവേട്ട കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. സുധീഷ് ചന്ദ്രബാബു, ഭാര്യ കൊൽക്കത്ത തങ്കച്ചി എന്നു വിളിക്കുന്ന സിന്ധു, ബോംബെ പൈ എന്നിവരാണ് അറസ്റ്റിലാകാനുള്ളത്. മറ്റൊരു കേസിൽ അലിപ്പൂർ സെൻട്രൽ ജയിലിൽ റിമാന്റിലായിരുന്ന സുധീഷ് ചന്ദ്രബാബുവിനെ അടുത്ത ദിവസം കോതമംഗലം കോടതിയിൽ എത്തിക്കും.

ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കോതമംഗലം കോടിയിൽ നിന്നും പ്രൊ‍ഡക്ഷൻ വാറണ്ട് ഉള്ളതിനാൽ ജയിലിൽ നിന്നും മോചിപ്പിച്ചിട്ടില്ല. പ്രതിയെ കേരളത്തിൽ എത്തിക്കാൻ പൊലീസിനെ അവശ്യപ്പെട്ട് വനം വകുപ്പ് ഡിജിപിക്ക് കത്തു നൽകിയിട്ടുണ്ട്.

ഇയാളുടെ ഭാര്യയും കേസിലെ പ്രതിയുമായ കൊൽക്കത്ത തങ്കച്ചിയെ നേരത്തെ വനംവകുപ്പ് കേരളത്തിലെത്തിച്ചെങ്കിലും കൊൽക്കത്ത കോടതി അനുവദിച്ച സമയം ബാക്കി ഉണ്ടെന്ന് കാരണം ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കോതമംഗലം കോടതി അനുവദിച്ചില്ല. ഇവരിപ്പോൾ ഒളിവിലാണ്.

click me!