ചിന്നക്കനാലില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമെന്ന് നാട്ടുകാ‍ർ

By Web TeamFirst Published Dec 22, 2019, 8:43 PM IST
Highlights

തങ്കൻ പുലർച്ചെ പറമ്പില്‍ നിന്നുള്ള വെള്ളം പൈപ്പിലൂടെ വീട്ടിലേക്ക് തിരിച്ച് വിടുന്നതിന് വേണ്ടി പോയതായിരുന്നു. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

ഇടുക്കി: ചിന്നക്കനാലിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. ചിന്നക്കനാൽ സ്വദേശി തങ്കനാണ് മരിച്ചത്. വെള്ളമെടുക്കാൻ പോയ തങ്കനെ പറമ്പില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിന് സമീപം താമസിക്കുന്ന തങ്കനെ രാവിലെയാണ് ആന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്. തങ്കൻ പുലർച്ചെ പറമ്പില്‍ നിന്നുള്ള വെള്ളം പൈപ്പിലൂടെ വീട്ടിലേക്ക് തിരിച്ച് വിടുന്നതിന് വേണ്ടി പോയതായിരുന്നു. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

തുടർന്ന് സമീപവാസികളടക്കം ചേർന്ന് നടത്തിയ തെരച്ചിലിലാണ് തങ്കന്‍റെ മൃതദേഹം പറമ്പില്‍ നിന്ന് മാറി കണ്ടെത്തിയത്. ശരീരത്തിന്‍റെ ഒരുഭാഗം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഇതിനോടകം നിരവധി പേരെ ആക്രമിച്ച മുറിവാലൻ എന്നറിയപ്പെടുന്ന ഒറ്റയാൻ പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ട്. ഈ ഒറ്റയാനാകാം തങ്കനെ ആക്രമിച്ചതെന്നാണ് നിഗമനം. പൊലീസെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

click me!