ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താൻ പാലക്കാട് കുങ്കിയാനകളെത്തി

By Web TeamFirst Published Jun 17, 2020, 10:45 PM IST
Highlights

ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താൻ പാലക്കാട് കുങ്കിയാനകളെത്തി.

പാലക്കാട്: ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനകളെ തുരത്താൻ പാലക്കാട് കുങ്കിയാനകളെത്തി. പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് കുങ്കിയാനകളാണ് മലമ്പുഴ മേഖലയിൽ കാട്ടാനായെ തേടി ഇറങ്ങിയത്. . വനം വകുപ്പ് ജീവനക്കാർ പട്രോളിംഗ് നടത്തിയിട്ടും കണ്ണുവെട്ടിച്ച് കൊമ്പന്മാർ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായതോടെയാണ് പുതിയ പരീക്ഷണം.

ഏറെകാലമായി നാടുവിറപ്പിക്കുന്ന കാട്ടാനകളെ തുരത്താനാണ് കുങ്കിയാനകൾ എത്തിയിരിക്കുന്നത്.  കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, അഗസ്ത്യൻ എന്നീ ആനകളെയാണ് ധോണി സാറ്റലൈറ്റ് കേന്ദ്രത്തിൽ നിന്ന് കാട് മാർഗം കൊട്ടേക്കാട് വനമേഖലയിലെത്തിച്ചത്. വയനാട് മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന ഈ ആനകൾ മൂന്ന് മാസത്തോളമായി കാട്ടാനകളെ തുരത്താനുള്ള അഭ്യാസത്തിലായിരുന്നു.

 പാപ്പാന്മാരോടൊപ്പം മൂവരും ഇനി കുറച്ച് ദിവസങ്ങൾ യുദ്ധത്തിനെന്ന പോലെ തലയുയർത്തി കാട്ടാനയെ തേടി കാട്ടിലിറങ്ങും. കുങ്കിയാനകളുടെ സാനിദ്ധ്യമുള്ള ജനവാസമേഖലയിൽ കാട്ടാനകൾ പൊതുവേ ഇറങ്ങാറില്ല. കുങ്കിയാനയ്ക്കൊപ്പം പാപ്പാന്മാരും വനം വകുപ്പ് ജീവനക്കാരുമടങ്ങുന്ന 20 അംഗ സംഘത്തെയാണ് കാട്ടാനയെ നാട്ടിൽ നിന്ന് തുരത്താനുള്ള ദൗത്യമേൽപ്പിച്ചത്. രാത്രികാലങ്ങളിൽ ആനയെ പേടിച്ച് പുറത്തിറങ്ങാനാവാത്ത  അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

കൊട്ടേക്കാട്, ആറങ്ങോട്ടുകുളമ്പ് വേനോലി, അരുകുടി തുടങ്ങിയ പ്രദേശങ്ങളിലായി അഞ്ച് കാട്ടാനകൾ നിലയുറപ്പിച്ചതായാണ് വിവരം. കൊട്ടേക്കാട് ജനവാസ മേഖലയിൽ സ്ഥിരം ഇറങ്ങുന്ന മൂന്ന് കാട്ടാനകളിൽ രണ്ടെണ്ണത്തെ കുങ്കിയാനകൾ അയ്യപ്പമലയിലേക്ക് തുരത്തി.  അതേസമയം കുങ്കിയാനകൾ തിരിച്ച് പോകുമ്പോൾ കാട്ടാനകൾ പതിവ് പോലെ തിരിച്ചെത്തുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.

പ്രതീകാത്മക ചിത്രം

click me!