
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം തുടങ്ങില്ല. കൊവിഡ്, നിപ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ് കൂടുതൽ ശ്രദ്ധ തിരിച്ചതോടെയാണ് നടപടികൾ വൈകുന്നത്. ഡോക്ടർമാരടക്കമുള്ളവരുടെ നിയമനത്തിലും തീരുമാനമായില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന വേഗത കോന്നി മെഡിക്കൽ കോളജ് വികസനത്തിൽ ഇപ്പോഴില്ലാത്ത അവസ്ഥയാണ്.
സെപ്റ്റംബർ 11ന് അത്യാഹിത വിഭാഗവും ഐസിയു, ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനവും തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സൗകര്യങ്ങൾ ഒരുക്കുന്നത് എങ്ങും എത്തിയട്ടില്ല. ഐസിയു വിഭാഗത്തിലെ കിടക്കകൾ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. മൈനർ ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങളും രക്തം ശേഖരിക്കുന്ന യൂണിറ്റും ആശുപത്രിയിലെത്തിച്ചിട്ടില്ല.
നിലവിലെ സൗകര്യത്തിൽ പ്രവർത്തനം തുടങ്ങുന്നത് ഭാവിയിൽ കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. ഒപി പ്രവർത്തനത്തിന് പിന്നാലെ കിടത്തി ചികിത്സ തുടങ്ങുകയും പിന്നീട് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. അത്യാഹിത വിഭാഗം പ്രവർത്തനത്തിന് മുന്നോടിയായി 10 ജൂനിയർ റസിഡന്‍റ്, 18 സീനിയർ റെസിഡന്‍റ്, എട്ട് ഫാക്കൽറ്റി എന്നീ തസ്തികകളിൽ നിയമനം ആവശ്യപ്പെട്ടിരുന്നു.
ഇതിലും അന്തിമ തീരുമാനം ആയിട്ടില്ല. മെഡിക്കൽ കൗൺസിലിന്‍റെ അനുമതി ലഭിച്ചാൽ അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കാൻ കഴിയും. എന്നാൽ, പാരിസ്ഥിതിക അനുമതി കിട്ടാത്തതിനാൽ അക്കാദമിക് വിഭാഗത്തിന്‍റെ പൂർത്തീകരണവും ക്വാർട്ടേഴ്സ് ഹോസ്റ്റലുകളുടെ നിർമ്മാണവും പാതിവഴിയിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam