
തൃശൂർ: കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കിലെ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് 7.50 ലക്ഷം രൂപ തട്ടിയെടുത്തു. പഴയന്നൂര്‍ കര്‍ഷക സര്‍വീസ് സഹകരണ ബാങ്കിന്റെ എളനാട് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ സീനിയര്‍ ക്ലാര്‍ക്ക് എംആര്‍ സുമേഷ്, കെകെ പ്രകാശൻ എന്നിവർക്കെതിരെയാണ് നടപടി.
എംആര്‍ സുമേഷിനെ പ്യൂണായി തരം താഴ്ത്തുകയും പ്യൂണ്‍ കെകെ പ്രകാശന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ സ്ഥിരമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജോലിയില്‍നിന്ന് രണ്ടുപേരെയും താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തു. പ്രകാശന്റെ യൂസര്‍ നെയിം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പഴയന്നൂര്‍ യൂണിറ്റ് സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ പ്രീതിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രകാശന്‍ പഴയന്നൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയാണ്.
പണം തിരിച്ചടച്ച് ഇരു ചെവിയറിയാതെ പ്രശ്നം ഒതുക്കിയെങ്കിലും മാനേജര്‍ നൂര്‍ജഹാന്‍ വിസമ്മതിച്ചതിനാല്‍ ബാങ്ക് മിനിറ്റ്സില്‍ രേഖപ്പെടുത്തുകയും നടപടികളെടുക്കുകയുമായിരുന്നു. മാനേജര്‍ ലീവെടുത്ത ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണം പണയം വെച്ചിട്ടുള്ളത്. കൃത്യമായ ഗൂഢാലോചന തട്ടിപ്പിന് പിന്നില്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. നിലവില്‍ തട്ടിപ്പു നടത്തിയ രണ്ടുപേരെയും ഹെഡ് ഓഫീസിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. ക്രിമിനല്‍ കേസിനുള്ള വകുപ്പാണെങ്കിലും ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാതെ കോണ്‍ഗ്രസ് നേതൃത്വം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
2023 നവംബര്‍ മാസംമുതല്‍ 2024 ജനുവരി വരെ എട്ടു തവണകളിലാണ് മുക്കുപണ്ടം വെച്ച് പണം എടുത്തിട്ടുള്ളത്. സുമേഷിന്റെ ഭാര്യ രമ്യയുടെ പേരിലാണ് മുക്കുപ്പണ്ടം പണയം വെച്ചത്. വിവാദമായതോടെ സുമേഷിന്റെ ഭാര്യ ഇക്കാര്യത്തില്‍ എന്റെ അറിവോ സമ്മതമോ പങ്കോ ഇല്ലെന്ന് കാണിച്ചുള്ള കത്ത് ബ്രാഞ്ച് മാനേജര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന് വിരുദ്ധമായ നടപടികളാണ് ബാങ്കില്‍ നടന്നത്. മാനേജിങ് ഡയറക്ടര്‍ ശ്രീധരന്‍ പാലാട്ടിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
വസ്തു വിൽക്കാനെത്തി പരിചയം, ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് 40കാരൻ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam