
അമ്പലവയല്‍: ദില്ലി എയര്‍പോര്‍ട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളര്‍ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നല്‍കണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ. രാജ്യതലസ്ഥാനത്ത് എത്തിയാണ് പ്രതിയെ അമ്പലവയല്‍ പൊലീസ് പിടികൂടിയത്. മാത്യു എമേക(30)യെ സാഹസിക ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാള്‍ തട്ടിയെടുത്തു. ഒടുവില്‍ തട്ടിപ്പ് ആണെന്ന് മനസിലായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ പതിനൊന്നിന് ദില്ലിയിൽ നിന്ന് പിടികൂടിയ ശേഷം ദ്വാരക കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിസ്റ്റ് റിമാന്‍ഡ് വാങ്ങി അമ്പലവയല്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ബത്തേരി ഡിവൈഎസ്പി കെ കെ അബ്‍ദുൾ ഷരീഫിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ അനൂപ്, സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍ നിഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam