പ്രളയബാധിത പ്രദേശങ്ങള്‍ക്ക് മാതൃകയായി മേലൂരില്‍ പ്രളയപഠനം

By Web TeamFirst Published Oct 31, 2018, 1:36 PM IST
Highlights

വിവരശേഖരണത്തിലൂടെ ഈ പഞ്ചായത്തില്‍ പ്രളയത്തിലെ ഓരോ ദിവസവും ഏതെല്ലാം മേഖലകളില്‍ ഏതെല്ലാം വഴികളിലൂടെയാണ് പ്രളയം പഞ്ചായത്തിനെ ബാധിച്ചതെന്നു വ്യക്തമായി. ഭാവിപ്രളയം നേരിടാനുള്ള കര്‍മപദ്ധതി ഒരുക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം

തൃശൂര്‍: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ക്ക് മാതൃകയായി മേലൂരില്‍ പ്രളയപഠനം. പ്രളയം വിഴുങ്ങിയ ചാലക്കുടി മേഖലയിലാണ് മേലൂര്‍ പഞ്ചായത്ത്. കറുകുറ്റി എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ എംടെക് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ് പഠനത്തിനു നേതൃത്വം നല്കിയത്. ഭൂമിശാസ്ത്ര വിവരസാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി ഓപ്പണ്‍ ഡാറ്റാകിറ്റ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പഞ്ചായത്തിലെ ഓരോ പ്രളയബാധിത പ്രദേശത്തുനിന്നും പ്രളയജലത്തിന്റെ നിരപ്പും ഉയരവും ഇവര്‍ രേഖപ്പെടുത്തുകയായിരുന്നു. 

വിവരശേഖരണത്തിലൂടെ ഈ പഞ്ചായത്തില്‍ പ്രളയത്തിലെ ഓരോ ദിവസവും ഏതെല്ലാം മേഖലകളില്‍ ഏതെല്ലാം വഴികളിലൂടെയാണ് പ്രളയം പഞ്ചായത്തിനെ ബാധിച്ചതെന്നു വ്യക്തമായി. ഭാവിപ്രളയം നേരിടാനുള്ള കര്‍മപദ്ധതി ഒരുക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. പഠനത്തിന്റെ ഭാഗമായി കൃത്യമായും ഏറ്റവും സുരക്ഷിതമായും ജനങ്ങളെ പ്രളയബാധിത പ്രദേശങ്ങളില്‍നിന്നും ഒഴിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താനായി. ജനസാന്ദ്രത, പ്രളയത്തില്‍ പെടാത്ത റോഡുകള്‍, പ്രളയത്തിന്റെ നിരപ്പും ഉയരവും ആ റോഡുകള്‍ക്കു മറ്റു റോഡുകളുമായുള്ള കണക്ഷന്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള മുന്‍ഗണനാക്രമം നിശ്ചയിച്ചത്. 

പഞ്ചായത്തിനു പുഴയുമായുള്ള അതിര് 15 കിലോമീറ്ററാണ്. അതിനാല്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വേണ്ട കൃഷിരീതികള്‍, നിര്‍മാണങ്ങള്‍ക്കു വേണ്ട മുന്‍കരുതലുകള്‍ എന്നിവയും പഠനം ചര്‍ച്ച ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ എവിടെയൊക്കെ വേണമെന്നും അതിന് ഏറ്റവും സുരക്ഷിത പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. പ്രളയ ദുരന്ത ലഘൂകരണ സേന, അവര്‍ക്കു വേണ്ട പരിശീലനം, ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ബോട്ടുകള്‍, ജനങ്ങള്‍ക്കുവേണ്ട ബോധവത്കരണം എന്നിവയും ഈ പ്രളയദുരന്ത നിവാരണ തയാറെടുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 

ഓഗസ്റ്റ് 14,15,16 തീയതികളില്‍ സംഭവിച്ച പ്രളയ നിരപ്പുകള്‍ മനസിലാക്കി രേഖയാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ എല്ലാ പ്രളയബാധിത തദ്ദേശസ്ഥാപനങ്ങളോടും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിനൊക്കെ മുമ്പുതന്നെ ഇതു കൃത്യമായി പഠനവിഷയമാക്കുവാനും അതുവഴി ഭവിയില്‍ ഒരു പ്രളയമുണ്ടായല്‍ അതിന്റെ ആഘാതം പരമാവധി കുറയ്ക്കാനുള്ള തയാറെടുപ്പുമായി മുമ്പോട്ടുവന്നതാണ് മേലൂര്‍ പഞ്ചായത്തിന്റെ മികവ്. പഠനത്തിനും രേഖ തയാറാക്കലിനും നേതൃത്വം കൊടുത്ത എസ്സിഎംഎസ് എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.സണ്ണി ജോര്‍ജ്, അസോസിയേറ്റ് പ്രഫസര്‍ ഡോ.രതീഷ് മേനോന്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ മേലൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.പി ബാബു അഭിനന്ദിച്ചു. 

മേലൂരിലെ പ്രളയം ഇങ്ങനെ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 23.38 ചതുരശ്ര കിലോമീറ്ററാണ്. അതില്‍ 11.45 ചതുരശ്ര കിലോമീറ്ററിലും പ്രളയം ബാധിച്ചു. ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിനു 4.73 ചതുരശ്ര കിലോമീറ്ററിലും 15ന് 11.30ന് 8.59 ചതുരശ്ര കിലോമീറ്ററിലും 16ന് ഉച്ചയ്ക്ക് 11.30ന് 8.59 ചതുരശ്ര കിലോമീറ്ററിലും പ്രളയം എത്തുകയുണ്ടായി. 90 ശതമാനത്തിലേറെ പ്രളയം ബാധിച്ച വാര്‍ഡുകള്‍ ശാന്തിപുരം, പൂലാനി, നടുത്തുരുത്ത്, കാലടി, കുറുപ്പം എന്നിവയാണ്. 50 ശതമാനത്തിലേറെ പ്രളയം ബാധിച്ച വാര്‍ഡുകള്‍ മുരിങ്ങൂര്‍ സൗത്ത്, മുരിങ്ങൂര്‍ നോര്‍ത്ത്, മണ്ടിക്കുന്ന്, മുള്ളംപാറ, കല്ലുകുത്തി എന്നിവയും. പ്രളയം ഏറ്റവും ഉയര്‍ന്നത് (23 അടി) ശാന്തിപുരത്താണ്. ഏറ്റവും കുറവ് വെള്ളം കയറിയത് മേലൂര്‍ സെന്ററിലും.

click me!