
തിരുവനന്തപുരം : ഡെങ്കിപ്പനി,ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇതോടൊപ്പം തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ/ പഞ്ചായത്ത് അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ എന്നിവരെയുൾപ്പെടുത്തി താഴെത്തട്ടിൽ സമിതികൾ രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. ഡെങ്കിപ്പനിയുടെ ഹോട്ട്‍സ്പോട്ടുകൾ കണ്ടെത്തി കൊതുക് നിവാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ശക്തിപ്പെടുത്തും.
ഇടവിട്ടുള്ള മഴകാരണം വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാദ്ധ്യതയില്ലാതാക്കാൻ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. തദ്ദേശവകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും.
എപ്പിഡമിക് കലണ്ടർ പ്രകാരം പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും പനിബാധിത മേഖലകളിൽ പനിക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്താനും ആവശ്യമായ സ്ഥലങ്ങളിൽ പുതിയതായി ആരംഭിക്കാനും നിർദ്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും യോഗങ്ങൾ വിളിച്ചു ചേർത്ത് താഴെത്തട്ടിലെ ദൈനംദിന പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പിന്റെ ഹൈപ്പവർകമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ, കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്പെഷ്യൽ ഓഫീസർ ഡോ.എ.അൽത്താഫ്, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.റീത്ത, മെഡിക്കൽ കോളേജിലെ ഇൻഫക്ഷൻസ് ഡീസീസ് വിഭാഗം മേധാവി ഡോ.അരവിന്ദ്.ആർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam