
കൊച്ചി: ജയിൽ നിർമിത ഭക്ഷണം കൊച്ചിയിലും ഇനി മുതൽ ഓൺലൈനായി ലഭിക്കും. എറണാകുളം ജില്ലാ ജയിലിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് മിതമായ നിരക്കില്‍ ഉപഭോക്താക്കളുടെ കൈയിലെത്തുക. ഭക്ഷണ വിതരണ ശൃംഖലയായ യൂബർ ഈറ്റ്സുമായി സഹകരിച്ചാണ് ഫ്രീഡം ഫുഡ് ഫാക്ടറി ഓൺലൈൻ രംഗത്തേക്ക് എത്തുന്നത്.
കുറഞ്ഞ വിലയ്ക്ക് ചപ്പാത്തിയും ചിക്കൻ കറിയും നല്‍കിയാണ് തടവുകാർ തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്ധതി ഹിറ്റായി, ആവശ്യക്കാരേറി. ജയിലുകളിൽ നിന്ന് വരുമാനം ലഭിച്ച് തുടങ്ങിയതോടെ സർക്കാരിനും സന്തോഷം. തടവുകാർക്കും വരുമാന മാർഗവുമായി. ഇപ്പോൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ജയിൽ വകുപ്പ്. കൗണ്ടറുകളിലൂടെ മാത്രം ലഭ്യമായിരുന്ന ജയിൽ ഭക്ഷണം ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും.
ഫ്രീഡം ഫുഡ് ഫാക്ടറിയെന്ന പേരിൽ ലഭ്യമാകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിച്ചു. ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ യൂബര്‍ ഈറ്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈനിലും വിലയുടെ കാര്യത്തിൽ ജനപ്രിയ മുഖം കൈവിടുന്നില്ല ജയിൽ ഭക്ഷണം. ബിരിയാണി, അഞ്ച് ചപ്പാത്തി, ചിക്കൻ കറി, ഒരു കുപ്പിവെള്ളം എന്നിവയടങ്ങുന്ന 125 രൂപയുടെ കോംബോ പായ്ക്കിന് പുറമേ നിലവിലുള്ള വിഭവങ്ങളെല്ലാം ഓൺലൈനിലും ലഭ്യമാക്കും.
നിലവിൽ പതിനേഴായിരം ചാപ്പാത്തിയും ഇരുന്നൂറ്റിയൻപത് ബിരിയാണിയും വിവിധ തരം കറികളും കാക്കനാട് ജയിലിൽനിന്ന് ദിവസവും വിപണനം നടത്തുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് ഉൽപാദനം വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫ്രീഡം ഫുഡ് ഫാക്ടറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam