
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മ സമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും ചേർത്തുപിടിക്കുന്നതും അവരുമായി ഭക്ഷണവും സന്തോഷവും പങ്കുവയ്ക്കുന്നതും അനുകരണീയമാണ്.
സ്വന്തം സുഖ സന്തോഷങ്ങളുപേക്ഷിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന ഏറ്റവും മഹത്തായ സന്ദേശമാണ് ഓരോ ബക്രീദ് ദിനവും പകരുന്നത്. ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും പരസ്പര സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam