
അമ്പലപ്പുഴ: വീട്ടിൽ അതിക്രമിച്ചു കയറി 64-കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി കനത്ത പ്രതിഷേധങ്ങൾക്കിടെ തെളിവെടുപ്പു നടത്തി. പോലീസ് ജീപ്പ് തടഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാഗമംഗലം കോളനിയിൽ സുനീഷുമായാണ് അമ്പലപ്പുഴ പോലീസ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 25 ന് രാത്രിയിലാണ് സംഭവം. വൃദ്ധയുടെ വീടിന് സമീപം താമസിക്കുന്ന പ്രതി തനിച്ചു താമസിക്കുന്ന ഇവരുടെ വീട്ടിലെത്തി വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഭീഷണിപ്പെടുത്തി ശാരീരികമായി ആക്രമിച്ച ശേഷം വൃദ്ധയുടെ മൊബൈൽ ഫോണും ടോർച്ചും പണവും കവർന്നു. ടോർച്ചു കൊണ്ട് ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു.
പ്രതിയെ പിടികൂടാനായി ഡിവൈഎസ്പി: എസ് ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തോപ്പുംപടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലും പ്രതിയാണ് സുനീഷ്. വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇന്ന് രാവിലെ 11 ഓടെയാണ് തെളിവെടുപ്പിനെത്തിച്ചത്.
കൊലപാതകം നടന്ന വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ് നടന്നത്. ഇതിന് ശേഷം ഈ വീടിന് കുറച്ച് അകലെയുള്ള പ്രതിയുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. രണ്ട് സ്ഥലങ്ങളിലും റോഡരികിലുമായി സ്ത്രീകളടക്കം നിരവധി പേരാണ് കൂടി നിന്നത്. അമ്പലപ്പുഴ സിഐ: എസ് ദ്വിജേഷിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് കാവലിലാണ് തെളിവെടുപ്പ് നടന്നത്. പിന്നീട് തെളിവെടുപ്പിന് ശേഷം മടങ്ങുന്നതിനിടെ പ്രതിയുമായി പോയ പൊലീസ് ജീപ്പ് തടഞ്ഞ് സ്ത്രീകളുടെ വലിയ പ്രതിഷേധവും നടന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam