
തിരുവനന്തപുരം: ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അഞ്ച് വർഷം കഠിന തടവും 75,000 രൂപ പിഴയും. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജോൺ കോശിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. ജഡ്‌ജ് എ. മനോജ് ആണ് വിധി പുറപ്പെടുവിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിൽ 2017- 18 വർഷത്തിൽ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ ബില്ലുകൾ പാസാക്കി നൽകിയതിന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് 2021ലാണ് ജോൺ കോശിയെ വിജിലൻസ് പിടികൂടിയത്. പരാതിക്കാരൻ്റെ മകൻ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള 110 എംഎം എസി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയിരുന്നു.
കൈക്കൂലി നൽകാത്തതിനാൽ ബിൽ മാറാതെ 16 മാസം വെച്ച് താമസിപ്പിച്ചു. സൂപ്രണ്ടിങ് എഞ്ചിനീയറോടും ചീഫ് എഞ്ചിനീയറോടും കേരള വാട്ടർ അതോറിറ്റി എംഡിയോടും പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടാകാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. അതിന് ശേഷം കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്‌തപ്പോൾ മാത്രമാണ് ജോൺ കോശി ബിൽ മാറി നൽകിയത്. എന്നാൽ ബിൽ മാറിയ ശേഷം തുക മുഴുവനായി അനുവദിക്കാൻ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട ജോൺ കോശി, പരാതിക്കാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങവെയാണ് വെള്ളയമ്പലത്തെ ഓഫീസിൽ നിന്നും വിജിലൻസിൻ്റെ പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam