
കല്‍പ്പറ്റ: ആ ക്ലാസ് മുറി പതിവുപോലെയുള്ള പരീക്ഷക്കായിരുന്നില്ല സാക്ഷ്യം വഹിച്ചത്. അവിടെ ഉത്തരപേപ്പറും പേനയുമായി ഇരുന്ന് ജാഗരൂകരായി പരീക്ഷ എഴുതിയവര്‍ മുഴുവനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ചവരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും കല്‍പ്പറ്റ ഗവണ്‍മെന്റ് കോളജിലെ ക്ലാസ് മുറിയില്‍ അച്ചടക്കത്തോടെയിരുന്ന് പരീക്ഷയെഴുതിയത് വേറിട്ട കാഴ്ചയായി മാറി.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കില, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തിലെ തദ്ദേശഭരണ ജനപ്രതിനിധികള്‍ക്കായി നടത്തിയ അധികാര വികേന്ദ്രീകരണവും തദ്ദേശഭരണനിര്‍വഹണവും എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷയായിരുന്നു കല്‍പ്പറ്റയില്‍ നടന്നത്. ജില്ലയിലെ 15 ജനപ്രതിനിധികളാണ് പരീക്ഷ എഴുതിയത്. 103 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പ്രോജക്ട്, അസൈന്‍മെന്റ് എന്നിവ സമര്‍പ്പിച്ചവരാണ് പരീക്ഷയ്ക്കുള്ള യോഗ്യത നേടിയത്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആദ്യബാച്ചായി കൊല്ലത്തെ ആസ്ഥാനത്താണ് സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുക. 'പഞ്ചായത്ത് എന്ന പദത്തിന്റെ അര്‍ത്ഥം', 'ഭരണഘടനയുടെ ആമുഖത്തില്‍ 1976-ല്‍ സോഷ്യലിസ്റ്റ് എന്ന പദത്തോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റൊരു പദം', 'സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളുടെ കെട്ടിടനിര്‍മാണം ആരുടെ ചുമതലയാണ്' തുടങ്ങിയ നിരവധി ചോദ്യങ്ങളെയാണ് ജനപ്രതിനിധികള്‍ നേരിട്ടത്. പരീക്ഷ എഴുതിയ എല്ലാവരും തികഞ്ഞ വിജയപ്രതീക്ഷ പങ്കുവെച്ചാണ് കോളേജ് കോമ്പൗണ്ട് വിട്ടിറങ്ങിയത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരാ പ്രേമചന്ദ്രന്‍, വെങ്ങപ്പള്ളി, അമ്പലവയല്‍, കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ രേണുക, സി കെ ഹഫ്‌സത്ത്, വി പി റനീഷ് എന്നിവരും പനമരം, എടവക, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ തോമസ്, ജംഷീറ ശിഹാബ്, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷരായ പി എ ജോസ്, ജസീല റംളത്ത്, എടവക ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ശിഹാബ് ആയാത്ത്, കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹണി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത തിരുനെല്ലി, ഇമ്മാനുവേല്‍ പൂതാടി, സണ്ണി നൂല്‍പ്പുഴ എന്നിവരാണ് പരീക്ഷ എഴുതിയത്. മലപ്പുറം, ആലപ്പുഴ ജില്ലകളിലെ ജനപ്രതിനിധികളും വയനാട്ടില്‍ പരീക്ഷ എഴുതാനെത്തിയിരുന്നു.