ലക്ഷ്യം ആലുവ, ദിവസം 100 പൊതി വരെ വിൽക്കും; പക്ഷേ മണ്ണുത്തിയിൽ വെച്ച് 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി

By Web TeamFirst Published May 1, 2024, 4:34 PM IST
Highlights

ആന്ധ്രയിലെ കഞ്ചാവ് മൊത്ത വിതരണക്കാരുടെ കയ്യിൽ നിന്നും വാങ്ങിയ കഞ്ചാവ് ബസിൽ ആലുവയിലേക്ക് കടത്താനായിരുന്നു പ്രതിയുടെ പ്ലാൻ.

മണ്ണുത്തി: തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ സ്വദേശി ഷമിൽ ഷെരീഫ് ചന്ദനാത്ത്(22) ആണ് 12 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. മണ്ണുത്തിയിൽ അന്തർ സംസ്ഥാന ബസ്സിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡും, തൃശൂർ എക്സൈസ്  എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡും, ദേശീയ പാത പട്രോളിംഗ് പാർട്ടിയും ചേർന്ന് പിടികൂടിയത്.

ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ്  ഷമിൽ ഷെരീഫിനെ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. സ്റ്റേറ്റ് സ്‌ക്വാഡിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിൽ, മൂന്ന് ടീമുകളായി തിരിഞ്ഞാണ് പുലർച്ചെ മണ്ണുത്തിയിൽ വാഹന പരിശോധന ആരംഭിച്ചത്. ആന്ധ്രയിലെ കഞ്ചാവ് മൊത്ത വിതരണക്കാരുടെ കയ്യിൽ നിന്നും വാങ്ങിയ കഞ്ചാവ് ബസിൽ ആലുവയിലേക്ക് കടത്താനായിരുന്നു പ്രതിയുടെ പ്ലാൻ.  ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ആലുവയിൽ കൊണ്ടുവന്ന ചെറിയ പൊതികളിലാക്കി, ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ഇയാൾ വില്പന നടത്തിയിരുന്നു. ആലുവയിലും പെരുമ്പാവൂരിലുമായി ഒരു ദിവസം നൂറോളം ചെറു പൊതികൾ വിൽപ്പന നടത്തിയിരുന്നെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. 

എക്സൈസ് ഇൻസ്പെക്ടർമാരായ ശങ്കർ പ്രസാദ്, സുദർശനകുമാർ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ടി ജി മോഹനൻ  കെ എം സജീവ്, പ്രിവന്റീവ് ഓഫീസർമാരായ എം എം മനോജ് കുമാർ, വി ആർ ജോർജ്, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർകുമാർ, ടി ആർ സുനിൽ, പി ബി സിജോമോൻ, വി വി കൃഷ്ണകുമാർ, സനീഷ് കുമാർ, കണ്ണൻ  എക്സൈസ് ഡ്രൈവർമാരായ സംഗീത് ഷൈജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Read More : ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

click me!