
വടകര: കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാൾ പിടിയിൽ. വടകരയിൽ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്. കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയിൽ കുടുങ്ങിയത്. മാഹിയിൽ നിന്നും മദ്യം സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കോഴിക്കോടേക്ക് കടത്തിക്കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു.
വടകരയിൽ എക്സൈസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് മിഥുൻ തോമസിനെ പിടികൂടുന്നത്. സംശയം തോന്നി സ്കൂട്ടറിന്‍റെ സീറ്റ് തുറന്ന് പരിശോധിച്ചപ്പോൾ 21 ലിറ്റർ മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കോഴിക്കോട് വിവിധ ഭാഗങ്ങളിൽ എത്തിച്ച് വിൽപ്പന നടത്താനാണ് ഇയാൾ മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ജയരാജൻ.കെ.എ യും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജയൻ.വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്, മുഹമ്മദ് റമീസ്.കെ, അഖിൽ.കെ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ തുഷാര.ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ.എ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മാഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കടത്തിയ 140.25 ലിറ്റർ മാഹി മദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. കന്യാകുമാരി സ്വദേശിയായ പുരുഷോത്തമൻ (60) എന്നയാളാണ് മദ്യ ശേഖരവുമായി പിടിയിലായത്.
വാഹന പരിശോധനക്കിടെ വടകര – മാഹി ദേശീയപാതയിൽ കെ.ടി ബസാറിൽ വെച്ച് പുലർച്ചെയാണ് പുരുഷോത്തമനെയും ലോറിയും എക്സൈസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച മാഹി മദ്യം കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ വിവിധ ഭാഗങ്ങളിലേക്ക് പുരുഷോത്തമൻ പതിവായി ചരക്കുമായി എത്താറുണ്ടെന്നും, ചരക്ക് ഇറക്കി തിരിച്ച് പോകുമ്പോൾ സ്ഥിരമായി മദ്യം കടത്താറുണ്ടെന്നുംഎക്സൈസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam