
മൂന്നാര്‍: മൂന്നാറില്‍ (Munnar) രണ്ടാഴ്ചയായി അതിശക്തമായ തണുപ്പാണ് (Cold) അനുഭവപ്പെടുന്നത്. എസ്റ്റേറ്റ് മേഖലയില്‍ പലയിടത്തും മൈനസ് 1 വരെ തണുപ്പ് എത്തിക്കഴിഞ്ഞു. എന്നാല്‍ മഞ്ഞ് വീഴ്ചക്കൊപ്പമെത്തുന്ന തണുത്ത കാറ്റ് ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതാണ് മൂന്നാറില്‍ തണുപ്പ് അതിശക്തമാന്‍ കാരണം. രാവിലെ 10 മണിവരെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പത്തിനുശേഷം എത്തുന്ന സൂര്യന്റെ പൊള്ളുന്ന ചൂട് വൈകുന്നേരം നാലിന് അവസാനിക്കും.
തുടര്‍ന്ന് ആരംഭിക്കുന്ന തണുപ്പാണ് രാവിലെ വരെ നീണ്ടുനില്‍ക്കുന്നത്. മൂന്നാര്‍ ടൗണില്‍ ഇതാണ് അവസ്ഥയെങ്കില്‍ എസ്റ്റേറ്റ് മേഘലകളില്‍ മറ്റൊന്നാണ് അവസ്ഥ. പകല്‍ നേരങ്ങളില്‍ പോലും സൂര്യനെ കാണാന്‍ പറ്റാത്ത അവസ്ഥയാണ് ചില എസ്റ്റേറ്റുകളില്‍. ഡിസംബര്‍ മാസത്തില്‍ എത്തേണ്ട തണുപ്പാണ് ഫെബ്രുവരിയോടെ മൂന്നാറില്‍ എത്തിയിരിക്കുന്നത്. സൈലന്റ് വാലി, കന്നിമല, പെരിയവാര, രാജമല, ദേവികുളം, ചിറ്റിവാര, ചെണ്ടുവാര, ലക്ഷ്മി എന്നിവിടങ്ങളില്‍ മൈനസ് രേഖപ്പെടുത്തിയതും രണ്ടാഴ്ചക്ക് മുമ്പാണ്. തണുപ്പ് ശക്തമായതോടെ മൂന്നാറിലെ ദേശീയപാതകളില്‍ നിലയുറപ്പിച്ചിരുന്ന വാനരന്‍മാര്‍ തണുത്തുവിറച്ചിരിക്കുന്ന കാഴ്ചയും നിത്യസംഭവമാണ്.