കേരളത്തിന്‌ പിന്നോട്ട് സഞ്ചരിക്കുവാൻ ആകില്ല, ആധുനിക കാലത്തെ വെല്ലുവിളികളെ അതിജീവിക്കും; ഏഴാച്ചേരി രാമചന്ദ്രൻ

By Web TeamFirst Published Nov 10, 2018, 9:27 PM IST
Highlights

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ആം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുരാരേഖാ വകുപ്പ് ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ വിഷായവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇടുക്കി: ആധുനിക കേരളം സൃഷ്ടിക്കുന്നതിൽ  നവോത്ഥന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പങ്ക്‌ നിസ്തുലം എന്ന് കവിയും എഴുത്തുകാരനും സാഹിത്യ പ്രവർത്തക പ്രസിഡന്‍റുമായ  ഏഴാച്ചേരി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. തൊടുപുഴയിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ആം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുരാരേഖാ വകുപ്പ് ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ വിഷായവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു അയ്യങ്കാളി ചട്ടമ്പി സ്വാമികൾ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ ദീർഘ ദർശനത്തോടെ നടത്തിയ സാമൂഹ്യ മുന്നേറ്റങ്ങളിൽ നിന്നും കേരളത്തിന്‌ പിന്നോട്ട് സഞ്ചരിക്കുവാൻ ആവില്ല എന്നും ആധുനിക കാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും കേരളസമൂഹം അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാലഘട്ടത്തിൽ സമൂഹത്തിന്റെ പൊതുബോധത്തെ നല്ലരീതിയിൽ രൂപപ്പെടുത്തുന്നതിൽ കേരളത്തിന്റെ നവോത്ഥന ചരിത്രം ദിശാബോധം നൽകിയിട്ടുണ്ടെന്ന് സാംസ്കാരിക സദസ്സ് ഉദ്ഘാടനം നിർവഹിച്ച ജോയ്‌സ് ജോർജ് എം പി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാമൂഹ്യമായ മുന്നേറ്റത്തെ ഇല്ലാതാക്കുവാൻ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കേരളം നവോഥാന വഴികളിലൂടെ തന്നെ മുന്നേറുമെന്നും സമകാലിക വെല്ലുവിളികളെ അതിജീവിക്കുവാനുള്ള കരുത്ത് കേരള സമൂഹത്തിനു ഉണ്ടെന്നും സി കെ വിദ്യാസാഗർ സാംസ്കാരിക സദസ്സിൽ പറഞ്ഞു.

click me!