പാലക്കാട് അട്ടപ്പള്ളത്ത് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം ഇന്ന്. സംഭവത്തിൽ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപെന്ന് പൊലീസ്. 

പാലക്കാട്: അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളി മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന്. രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപാണെന്നും ഇയാൾക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് 6 പേർ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. മോഷണ കുറ്റമാരോപിച്ചാണ് രാം നാരായണനെ നാട്ടുകാർ മർദ്ദിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ചോര ഛർദ്ദിച്ചതായും നാട്ടുകാർ പറയുന്നു.

ഇന്നലെയാണ് നാടിനെ നടുക്കുന്ന ഈ സംഭവമുണ്ടായത്. കള്ളൻ എന്ന് ആരോപിച്ച് ഇയാളെ ചിലർ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാൾ മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.