
തൃശൂര്‍: ആളൂരില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. 15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റുമാണ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നത്. സംഭവത്തില്‍ ബി ജെ പി മുന്‍ പഞ്ചായത്തംഗം പീനിക്കപറമ്പില്‍ വീട്ടില്‍ ലാല്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായിരുന്നു. ആളൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ബി ജെ പി മുന്‍ പഞ്ചായത്തംഗം ലാലിന്റെ ഉടസ്ഥതയുള്ളതാണ് കോഴി ഫാം.
ലാലിന്റെ കൂട്ടാളി കട്ടപ്പന സ്വദേശി ലോറന്‍സ് ആണ് പിടിയിലായ രണ്ടാമത്തെ ആള്‍. നാടക നടന്‍ കൂടിയായ ലാല്‍ കെ പി എ സി ലാല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കോഴി ഫാമിന്റെ മറവിലാണ് വ്യാജമദ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്രത്തില്‍ നിന്ന് 1200 കെയ്‌സുകളിലായി സൂക്ഷിച്ച 15000 ഓളം കുപ്പി വൈല്‍ഡ് ഹോഴ്‌സ് എന്ന പേരിലുള്ള വ്യാജ മദ്യവും 68 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 2300 ഓളം ലിറ്റര്‍ സ്പിരിറ്റും പൊലീസ് കണ്ടെടുത്തു. 3960 ഒരു ലിറ്റര്‍ ബോട്ടിലുകളും 10800 അര ലിറ്റര്‍ ബോട്ടില്‍ മദ്യവുമാണ് പിടച്ചെടുത്തത്.
വിശാലമായ കേന്ദ്രത്തിന്റയുള്ളില്‍ ഒന്നിന് പുറകെ ഒന്നായി രഹസ്യ അറകള്‍ നിര്‍മിച്ചാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ഈ അറകളിലേക്ക് കടക്കാന്‍ ചുമരില്‍ ചതുരത്തിലുള്ള ദ്വാരവും ഉണ്ട്. പുറത്തുനിന്നും നോക്കിയാല്‍ ഈ രഹസ്യ അറകള്‍ ശ്രദ്ധയില്‍ പെടാത്ത തരത്തിലാണ് ഗോഡൗണ്‍ നിര്‍മിച്ചിരിക്കുന്നത്. കോഴി ഫാമിലേക്കുള്ള കോഴിത്തീറ്റ സൂക്ഷിക്കുന്ന ഗോഡൗണിലാണ് മദ്യവും സ്പിരിറ്റും സൂക്ഷിച്ചിരുന്നത്. ടിപ്പര്‍ ലോറിയിലാണ് മദ്യം ഷെഡിലേക്കെത്തിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞു.
വ്യാജ മദ്യ നിര്‍മാണം കോഴി ഫാമിന്റെ മറവിലായതിനാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. കര്‍ണാടകയില്‍ നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. സ്പിരിറ്റ് എവിടെ നിന്നാണ് എത്തിച്ചതെന്നും ഇടനിലക്കാര്‍ ആരെല്ലാമാണെന്നും നിര്‍മിച്ച വ്യാജമദ്യം എവിടെയെല്ലാമാണ് വിൽപ്പന നടത്തുന്നത് എന്നതുള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ കേന്ദ്രത്തില്‍നിന്നും മദ്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
വ്യാജ മദ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നത് സംബന്ധിച്ച് ഒരു മാസം മുമ്പ് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികെയാണ് വെള്ളാഞ്ചിറയിലെ കേന്ദ്രം കണ്ടെത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി. സിനോജ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam