
മലപ്പുറം: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഗൂഗിള്‍ പേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണക്കടകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട് സ്‌കൂള്‍പടി സ്വദേശി പുളിക്കല്‍ ഹൗസ് ജംഷാദ് (29) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. പൊന്നാനി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പൊന്നാനി എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വര്‍ണ്ണക്കടകളിലാണ് പ്രതി പ്രധാനമായും തട്ടിപ്പ് നടത്തിയത്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന വലിയ തുകയുടെ ബിസിനസ് ഉറപ്പിക്കുന്ന ഇയാള്‍, പണം ഡിജിറ്റലായി നല്‍കാമെന്ന് അറിയിക്കും. തുടര്‍ന്ന് മൊബൈലിലെ വ്യാജ ആപ്പ് വഴി പണം വിജയകരമായി കൈമാറിയെന്ന സ്‌ക്രീന്‍ഷോട്ടും ഒപ്പം കൃത്രിമ ശബ്ദ സന്ദേശവും കടക്കാരെ കാണിച്ചു വിശ്വസിപ്പിക്കും. അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടാകുമെന്ന വിശ്വാസത്തില്‍ കടക്കാര്‍ ആഭരണങ്ങള്‍ കൈമാറുന്നതോടെ ഇയാള്‍ മുങ്ങും.
പിന്നീട് ബിസിനസ് സമയത്തിന് ശേഷം കടയുടമകള്‍ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കുമ്പോഴാണ് പണം വന്നിട്ടില്ലെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്നും തിരിച്ചറിയുന്നത്. പ്രതി സമാനമായ രീതിയില്‍ മറ്റ് എവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ട് വഞ്ചിതരാകരുതെന്നും സ്വന്തം അക്കൗണ്ടില്‍ പണം എത്തിയെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam