കോന്നി അട്ടച്ചാക്കലിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ കുടുങ്ങി യുവാവിന്റെ വിരലുകൾ അറ്റു. അതുമ്പുംകുളം സ്വദേശി ഷിബുവിനാണ് രണ്ട് വിരലുകൾ നഷ്ടമായത്. സംഭവത്തിൽ കമ്പനിയിൽനിന്ന് ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി.
പത്തനംതിട്ട: പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ കുടുങ്ങി യുവാവിന്റെ വിരലുകൾ അറ്റു. കോന്നി അട്ടച്ചാക്കലിലാണ് സംഭവം. അതുമ്പുംകുളം കൊച്ചുമേലേതിൽ ഷിബുവിന്റെ (36) രണ്ട് വിരലുകളാണ് ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി അറ്റുപോയത്.
കഴിഞ്ഞ ജൂലൈ 12നായിരുന്നു അപകടം. ഉടൻ തന്നെ ഷിബുവിനെ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉടമ ആശുപത്രിയിൽ എത്തിയെങ്കിലും തുടർ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കിയിട്ടില്ല എന്നാണ് പരാതി. രണ്ട് മാസം കഴിഞ്ഞിട്ടും സാമ്പത്തിക സഹായം നൽകാൻ തയ്യാറായിട്ടില്ലെന്നും ഷിബുവിന്റെ കുടുംബം ആരോപിക്കുന്നു.
ശമ്പളത്തിൽനിന്ന് മിച്ചം പിടിച്ച് നൽകുന്ന 5000 രൂപ മാത്രമാണ് ചികിത്സാ സഹായമായി ഷിബുവിന് ഉടമ നൽകിയതത്രേ. അപകടവിവരം കുടുംബത്തെ അറിയിക്കുന്നതിലും കമ്പനി അധികൃതർ വീഴ്ചവരുത്തി എന്നാണ് ആക്ഷേപം. ഫോൺ വിളിച്ച് പോലും മകന്റെ വിവരങ്ങൾ അന്വേഷിക്കാൻ ഉടമ കൂട്ടാക്കിയില്ല. മകന്റെ പരിചരണത്തിനായി കൂടെ നിൽക്കേണ്ടി വരുന്നതിനാൽ തനിക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്നും സുമനസ്സുകളുടെ സഹായത്തിലാണ് തുടർചികിത്സകളും വീട്ടുചെലവുകളും നേരിടാൻ ആകുന്നതെന്നും അമ്മ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോന്നി പഞ്ചായത്ത് അംഗം സജിയുടെ നേതൃത്വത്തിൽ ഷിബുവിന്റെ കുടുംബം കോന്നി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


