
മലപ്പുറം: മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ 'റോ' ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കങ്ങര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലി (30) ആണ് പിടിയിലായത്.
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അടുപ്പം സ്ഥാപിച്ച പ്രതി, തന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യിലെ ഉയർന്ന ഉദ്യോഗസ്ഥനായാണ് പരിചയപ്പെടുത്തിയത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. ബന്ധം ശക്തമായതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് യുവതിയുടെ സ്വർണാഭരണങ്ങൾ പണയം വെപ്പിച്ച് 7.70 ലക്ഷം രൂപ കൈക്കലാക്കി. പണം ലഭിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറാനും ബന്ധം ഉപേക്ഷിക്കാനും ശ്രമിച്ചു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മാട്രിമോണി സൈറ്റുകൾ വഴി ഉയർന്ന പദവികളും വ്യാജ ജോലിയും സാമ്പത്തിക പ്രതിസന്ധികളും കാണിച്ച് ഇയാൾ മുൻപും സമാനരീതിയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഇയാൾക്കെതിരെ നിരവധി പരാതികളുണ്ട്. എടവണ്ണ, വാളയാർ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇയാളെ മുൻപ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതായും പോലീസ് അറിയിച്ചു. മാട്രിമോണി സൈറ്റുകൾ വഴി പരിചയപ്പെടുന്നവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ ഉദ്യോഗം, പശ്ചാത്തലം എന്നിവ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ മുന്നോട്ട് പോകാവൂ എന്നും പോലീസ് നിർദേശിച്ചു. മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റിയാസ്, തൗഫീഖ്, നിഷാദ്, സാലിം, ഉബൈദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam