
മാവേലിക്കര: വട്ടവടയിലും വള്ളിക്കുന്നത്തുമായി കൊല്ലപ്പെട്ട അഭിമന്യുമാരുടെ മാതാപിതാക്കൾ കണ്ടുമുട്ടി. മക്കൾ നഷ്ടപ്പെട്ടവരുടെ അതിവൈകാരികമായ മുഹൂർത്തം ഏവരുടെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നു. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട വട്ടവടയിലെ അഭിമന്യുവിന്റെ അമ്മ ഭൂപതിയും സഹോദരന്‍ പരിജിത്തും, വള്ളികുന്നത്ത് കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്ടിലെത്തിയതാണ് വികാരനിർഭരമായ രംഗത്തിന് വഴിയൊരുക്കിയത്.
ഇന്നലെയാണ് ഭൂപതിയും പരിജിത്തും അഭിമന്യുവിന്റെ പുത്തന്‍ചന്തയിലെ അമ്പിളി ഭവനിലെത്തിയത്. ഭൂപതി അഭിമന്യുവിന്റെ വളര്‍ത്തമ്മ ശോഭനയെയും അച്ഛന്‍ അമ്പിളി കുമാറിനെയും കെട്ടിപ്പിടിച്ച് കരഞ്ഞു. ഭൂപതിയുടെ നിലവിളി വീട്ടുകാരിലേക്കും പടര്‍ന്നതോടെ ചുറ്റും നിന്നവര്‍ക്കും തേങ്ങലടക്കാനായില്ല. കണ്ടുനിന്നവരുടെ കണ്ണുകളും തോരാതെ പെയ്തു. കൊണ്ടേയിരുന്നു.
അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിന്റെ കൈപിടിച്ച് വിതുമ്പിയ ഭൂപതിക്കരികില്‍ മകന്‍ പരിജിത്തുമുണ്ടായിരുന്നു. എന്തിനീ ക്രൂരത ഈ കുഞ്ഞിനോട് ചെയ്തുവെന്ന് തേങ്ങലിനിടയില്‍ ഭൂപതി ചോദിക്കുന്നുണ്ടായിരുന്നു. ഇരുപതു മിനിറ്റോളം ചെലവഴിച്ച ശേഷം, വീടിനുള്ളില്‍ വെച്ചിരുന്ന അഭിമന്യുവിന്റെ ചിത്രത്തില്‍ തൊട്ടുതൊഴുത് പുത്തിറങ്ങി.
ചുനക്കരയിലെത്തിയ ശേഷം മടങ്ങിപ്പോയി. മാവേലിക്കരയിലെ ഇടത് സ്ഥാനാര്‍ഥി എം എസ് അരുണ്‍കുമാര്‍, അഡ്വ. എന്‍ എസ് ശ്രീകുമാര്‍, അഡ്വ. വി കെ അജിത്ത്, ജെ രവീന്ദ്രനാഥ് എന്നിവരും ഭൂപതിക്കും പരിജിത്തിനുമൊപ്പമുണ്ടായിരുന്നു.
സംഭവം അറിഞ്ഞത് മുതല്‍ ഇങ്ങോട്ടു വരാന്‍ കാത്തിരിക്കുകയായിരുന്നു അമ്മയെന്ന് പരിജിത്ത് പറഞ്ഞു. മകന്റെ മരണം നല്‍കിയ വേദന മാറിയില്ലെങ്കിലും ഇവിടെ വരണമെന്ന് നിര്‍ബന്ധമായിരുന്നു. മാധ്യമങ്ങള്‍ വഴി അഭിമന്യുവിന്റെ കൊലപാതക വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ വീടിനുള്ളില്‍ തേങ്ങലുയരുമെന്നും പരിജിത്ത് പറഞ്ഞു.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജിൽ വെച്ച് എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. കേസിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു.
ഇക്കഴിഞ്ഞ വിഷുദിനത്തിലായിരുന്നു വള്ളികുന്നത്തെ അഭിമന്യുവിനെ ഇല്ലാതാക്കിയത്. കേസിൽ ആർഎസ് എസ് പ്രവർത്തകനെ പൊലീസ് പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam