പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

By Web TeamFirst Published Jun 15, 2021, 12:38 AM IST
Highlights

ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയായ ഡോക്ടറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

കൊല്ലം: കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ചികില്‍സാ പിഴവിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയായ ഡോക്ടറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
 
തലവൂര്‍ സ്വദേശി വിനോദ് ചെറിയാന്‍റെയും ഭാര്യ ജാന്‍സിയുടെയും കുഞ്ഞാണ് മരിച്ചത്. ജൂണ്‍ ആറാം തീയതി രാവിലെയായിരുന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ജാന്‍സിയുടെ പ്രസവം. പക്ഷേ കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ പന്തികേട് തോന്നിയതിനാല്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം എസ്എടിയിലേക്ക് കൊണ്ടുപോയി. പക്ഷേ അവിടെയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. 

ജാന്‍സി അഞ്ചു മാസമായി പുനലൂര്‍ ആശുപത്രിയിലാണ് ചികില്‍സ തേടിയിരുന്നതെങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ചികില്‍സിച്ചിരുന്ന ഡോക്ടര്‍ അനിത പറഞ്ഞിരുന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കുട്ടി മരിച്ച വിവരം കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും അറിയിച്ച രീതിയിലും ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ അമ്മൂമ്മ ആശുപത്രിയില്‍ കുഴഞ്ഞുവീഴുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കുഞ്ഞിന്‍റെ ചികില്‍സയില്‍ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. മരണ വിവരം കുഞ്ഞിന്‍റെ ബന്ധുക്കളെ അറിയിച്ചതില്‍ ഡോക്ടറുടെ ഭാഗത്ത് അനൗചിത്യമുണ്ടായെന്ന പരാതി പരിശോധിക്കുമെന്നും ആരോപണ വിധേയായ ഡോക്ടറെ അന്വേഷണ വിധേയമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!