
ആലപ്പുഴ: നവകേരള സദസ്സ് തുണയായതോടെ അനന്തുവിനും അല്ലുവിനും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. അപേക്ഷ നല്കി ഒരു മാസത്തിനകം കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടില്‍ വൈദ്യുതി എത്തിച്ചു.
ചെന്നിത്തല മുക്കത്ത് കോളനിയിൽ അജയകുമാർ - ബിൻസി ദമ്പതികളുടെ മക്കളാണ് പ്ലസ് ടു വിദ്യാർത്ഥിയായ അനന്തുവും പത്താം ക്ലാസ് വിദ്യാർത്ഥിയായ അല്ലുവും. അജയകുമാർ ഹൃദ്രോഗിയാണ്. ജോലിക്ക് പോകാൻ കഴിയില്ല. അംഗനവാടിയിൽ ഹെൽപ്പറായ ബിൻസിക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഭർത്താവിന്റെ മരുന്നിനും മക്കളുടെ പഠന ചെലവിനും വീട്ടുചെലവിനും ഒന്നും വരുമാനം തികയാത്ത അവസ്ഥ.
അതുകൊണ്ട് തന്നെ വൈദ്യുതി എന്നത് ഒരു സ്വപ്നം മാത്രമായി നില്‍ക്കെയാണ് ചെങ്ങന്നൂരില്‍ നവകേരള സദസ്സ് എത്തുന്നത്. വൈദ്യുതി കണക്ഷന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്കി. ഒരു മാസമെത്തിയപ്പോഴേക്കും സര്‍ക്കാരിന്‍റെ സമ്മാനമായി വീട്ടില്‍ വെളിച്ചമെത്തി. മെഴുകുതിരി വെളിച്ചത്തോട് ഇനി വിട പറയാം.
നവകേരള സദസ്സിൽ അപേക്ഷ കൊടുക്കാന്‍ മുന്‍കൈ എടുത്തത് ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സിബു വർഗീസ് ആണ്. കെഎസ്ഇബി ഉദ്യോഗസ്ഥരും മനസ്സറിഞ്ഞ് കുടുംബത്തോടൊപ്പം നിന്നു. ഒരു പൈസ പോലും സർവീസ് ചാർജായി ഈടാക്കിയില്ല. കൂടാതെ വീട്ടിലേക്ക് രണ്ട് ഫാനും ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു.