
ചാലക്കുടി: കലാഭവൻ മണിയുടെ മരണത്തോടെ അനാഥമായ മണിയുടെ പാഡി എന്ന പ്രിയപ്പെട്ട വിശ്രമകേന്ദ്രത്തെ പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കളും ആരാധകരും.
ചാലക്കുടി പട്ടണത്തിനു അടുത്ത് ഒന്നരയേക്കര്‍ ജാതിത്തോട്ടം. പുഴയോട് ചേര്‍ന്ന് ഏറുമാടവും ചെറിയൊരു പുരയും. ഇതാണ് കലാഭവൻ മണിയുടെ സ്വന്തം പാഡി. ഏത് കൊടും വേനലിലും തണുപ്പ് തളംകെട്ടിക്കിടക്കുന്ന മണിയുടെ പ്രിയപ്പെട്ട പാഡിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പ്രളയത്തില്‍ ഏറുമാടം പൂര്‍ണമായും നിലംപൊത്തി. തൊട്ടടുത്തുളള പുര തകരുകയും ചെയ്തു.
അത്യാസന്ന നിലയിൽ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പാഡിയിൽ നിന്നായിരുന്നു. മണിയെ സ്നേഹിക്കുന്ന, പാട്ടുകൾ നെഞ്ചേറ്റിയ ഒട്ടേറെപ്പേർ ഇന്നും പാഡിയിൽ എത്തുന്നുണ്ട്. മൺമറഞ്ഞ കലാകാരനോടുള്ള ഒടുങ്ങാത്ത സ്നേഹവും ആരാധനയുമാണ് ഇവരെ ഇവിടെയെത്തിക്കുന്നത്.
കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞിരാമന്‍റെ വിയര്‍പ്പ് വീണ ചാലക്കുടിയിലെ മണ്ണെല്ലാം മണി ഒന്നൊന്നായി സ്വന്തമാക്കിയിരുന്നു. അതിലൊന്നായിരുന്നു മണിക്കേറയിഷ്ടപ്പെട്ട പാഡിയും. അനശ്വര കലാകാരാനായ കലാഭവൻ മണിയുടെ ഓർമ്മകളുറങ്ങുന്ന പാഡി എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കാൻ കുടുംബം തയ്യാറാകണമെന്നാണ് മണിയുടെ സുഹൃത്തുക്കളുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam