പാട്ടിനെ ഹിറ്റാക്കിയത് സി പി എമ്മിന്റെ മണ്ടത്തരമെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. എല്ലാ ബൂത്ത് കമ്മിറ്റികളും 'പോറ്റിയെ കേറ്റിയേ' പാട്ട് പാടുമെന്നും കേരളത്തിൽ തരംഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിറ്റായ 'പോറ്റിയെ കേറ്റിയേ' പാട്ട് വിവാദം ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും. കെ പി സി സി യോഗത്തിന് ഇന്ദിരാ ഭവനിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേര 'വാട്ട് എ ബ്യൂട്ടിഫുൾ സോങ്' എന്നാണ് 'പോറ്റിയെ കേറ്റിയേ' പാട്ടിനെ വിശേഷിപ്പിച്ചത്. ഇന്ദിരാ ഭവനിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പോറ്റിപ്പാട്ട് പാടുകയും ചെയ്തു. അതേസമയം പാട്ടിനെ ഹിറ്റാക്കിയത് സി പി എമ്മിന്റെ മണ്ടത്തരമെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. പാട്ടിനെതിരെ കൂടുതൽ നടപടി വേണ്ടെന്ന സർക്കാർ തീരുമാനത്തോടും സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാരിന് വൈകിയാണെങ്കിലും ബുദ്ധി ഉദിച്ചെന്നാണ് കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടത്. എല്ലാ ബൂത്ത് കമ്മിറ്റികളും 'പോറ്റിയെ കേറ്റിയേ' പാട്ട് പാടുമെന്നും കേരളത്തിൽ തരംഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോറ്റിയേ കേറ്റിയേ' പാട്ടിൽ യൂടേണടിച്ച് സർക്കാർ
അതിനിടെ പോറ്റിയേ കേറ്റിയേ പാരഡി പാട്ട് കേസിൽ പൊലീസും സർക്കാരും യു ടേണ്‍ അടിച്ചു. വിവാദത്തിൽ കൂടുതൽ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എ ഡി ജി പി നിർദ്ദേശം നൽകി. പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പോറ്റി പാട്ടിൽ കേസെടുത്തതിൽ സർക്കാറിനെതിരെ ഉയർന്നത് വ്യാപക പ്രതിഷേധമാണ്. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നൽകിയ പരാതിയിൽ പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തത് ഇടത് കേന്ദ്രങ്ങളെ പോലുംഅമ്പരപ്പിച്ചു. ആദ്യ കേസിന് പിന്നാലെ പാട്ടിനെതിരെ വിവിധ ജില്ലകളിൽസിപിഎം നേതാക്കൾ അടക്കം കൂട്ട പരാതി നൽകി. ആദ്യ കേസിൽ കൈ പൊള്ളിയതോടെ ഒടുവിൽ എല്ലാം കെട്ടിപ്പൂട്ടുന്നു. ഇനി കേസ് വേണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് നിലനിൽക്കില്ല തിരിച്ചടിയാകുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ ഉള്‍പ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉന്നതങ്ങളിലെ ഇടപെടലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുക്കാൻ കാരണം. കോടതിയിൽ തിരിച്ചടി ഭയന്ന് അന്വേഷണ സംഘം ഒരടിപോലും മുന്നോട്ടുവച്ചില്ല. പാട്ടു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്കും യൂട്യൂബിനും കത്ത് തയ്യാറാക്കി എങ്കിലും ഇതുവരെ അയച്ചില്ല. പരാതിക്കാരൻെറ മൊഴി നാളെ രേഖപ്പെടുത്താനിരിക്കെയാണ് മെല്ലെപോയാൽ മതിയെന്നുള്ള തീരുമാനം. കേസിൽ മെല്ലെപ്പോയി അന്വേഷിച്ച് അവസാനിപ്പിക്കാനാണ് സാധ്യത. ഇതിനിടെ പാട്ട് നീക്കം ചെയ്യരുതെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് മെറ്റക്ക് കത്ത് നൽകി. നീക്കിയാൽ അത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് എതിരാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോടതികൾ പാട്ട് നീക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും കത്തിൽ ഉന്നയിക്കുന്നു.


