6 മാസം മുമ്പ് വരെ കൃത്യമായി പലിശ ലഭിച്ചു, പിന്നീട് എല്ലാം തകിടം മറിഞ്ഞു; ഫാം ഫെഡ് തട്ടിപ്പ് ​ഗുരുവായൂരിലും

Published : May 28, 2025, 01:04 PM IST
6 മാസം മുമ്പ് വരെ കൃത്യമായി പലിശ ലഭിച്ചു, പിന്നീട് എല്ലാം തകിടം മറിഞ്ഞു; ഫാം ഫെഡ് തട്ടിപ്പ് ​ഗുരുവായൂരിലും

Synopsis

നാലുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ബ്രാഞ്ച് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുന്നൂറോളം പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു.

തൃശൂർ: ഗുരുവായൂരിലും ഫാം ഫെഡ് തട്ടിപ്പ്. മുന്നൂറോളം പേരിൽ നിന്നായി 50 കോടിയിലധികം തട്ടിപ്പ് നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് 14 പരാതികളാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിൽ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കിഴക്കേനടയിലെ റെയിൽവേ ഗേറ്റിനു സമീപം ആർ വി ടവറിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിനെതിരെയാണ് പരാതി. 

നാലുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ബ്രാഞ്ച് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുന്നൂറോളം പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു. കഴിഞ്ഞ ആറുമാസം മുമ്പ് വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നു. ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുമ്പോൾ 11 ജീവനക്കാരുണ്ടായിരുന്നതിൽ  ഇപ്പോൾ 7 ജീവനക്കാർ മാത്രമാണുള്ളത്. ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. കെട്ടിട വാടകയും മുടങ്ങിയതിനാൽ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. കാലാവധി അവസാനിച്ചിട്ടും നിക്ഷേപത്തുകയായ 24 ലക്ഷം രുപയും പലിശയും നൽകിയില്ലെന്ന കവടിയാർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചെയർമാൻ സി. രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടർ അഗിൻ ഫ്രാൻസിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കഴിഞ്ഞ ദിവസം  അറസ്റ്റ് ചെയ്തിരുന്നു. 

ഇതോടെയാണ് പരാതിക്കാർ രംഗത്തെത്തിയത്. ഇതുവരെ അഞ്ചു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന പരാതി ലഭിച്ചതായി ടെമ്പിൾ എസ്.എച്ച്.ഒ. ജി. അജയകുമാർ പറഞ്ഞു.  തവണകളായി 55 ലക്ഷം രൂപ നൽകിയിട്ട് മുതലും പലിശയും ലഭിക്കാത്ത അവസ്ഥയാണെന്ന് ഗുരുവായൂർ സ്വദേശി കൃഷ്ണദാസ് പറഞ്ഞു. കേന്ദ്രസർക്കാർ രജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റി എന്ന പ്രചാരണത്തോടെ 2008ലാണ്  സംസ്ഥാന വ്യാപകമായി സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് 15 ബ്രാഞ്ചുകളും ചെന്നൈയിൽ ഒരെണ്ണവുമുണ്ട്.  സംസ്ഥാനത്ത് ഒട്ടാകെ 450 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സ്ഥാപനം ഗുരുവായൂരിൽ നിന്ന് 50 കോടി തട്ടിയെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം