മരം മുറിക്കാനുള്ള പാസ് നല്‍കിയില്ല; കോഴിക്കോട് കളക്ടറേറ്റിൽ കർഷകന്‍റെ ആത്മഹത്യാ ശ്രമം

By Web TeamFirst Published Jun 27, 2019, 4:11 PM IST
Highlights

റവന്യൂ അധികൃതര്‍ അനുമതി നല്‍കിയെങ്കിലും വനംവകുപ്പില്‍ നിന്ന് ആവശ്യമായ അനുമതി പാസ് ലഭിച്ചില്ലെന്നാണ് പരാതി. നിരവധി തവണ ഇതിനായി ശ്രമിച്ചിട്ടും അനുമതി കിട്ടാതായതോടെയാണ് കര്‍ഷകന്‍ കടുംകൈയ്ക്ക് തുനിഞ്ഞത്

കോഴിക്കോട്: കൃഷിയിടത്തില്‍ നിന്ന് മരം മുറിച്ച് നീക്കാനുള്ള പാസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി ജോസഫാണ്  കോഴിക്കോട് കളക്ട്രേറ്റില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൃഷിയിടത്തില്‍ നിന്ന് മുറിച്ച തേക്ക് മരം മില്ലില്‍ എത്തിക്കാന്‍ ആവശ്യമായ അനുമതി പാസ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം.

റവന്യൂ അധികൃതര്‍ അനുമതി നല്‍കിയെങ്കിലും വനംവകുപ്പില്‍ നിന്ന് ആവശ്യമായ അനുമതി പാസ് ലഭിച്ചില്ലെന്നാണ് പരാതി. നിരവധി തവണ ഇതിനായി ശ്രമിച്ചിട്ടും അനുമതി കിട്ടാതായതോടെയാണ് കര്‍ഷകന്‍ കടുംകൈയ്ക്ക് തുനിഞ്ഞത്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയ്ക്കായി ഏറ്റെടുത്ത ഭൂമിയ്ക്ക് പകരം നല്‍കിയ ഭൂമിയില്‍ നിന്നാണ് ജോസഫ് മരം മുറിച്ചത്. പകരം നല്‍കിയ ഭൂമിയിലെ മരങ്ങളുടെ അവകാശം കര്‍ഷകനാണ് എന്നിരിക്കെയാണ് അനുമതി നല്‍കാതെ വനവകുപ്പിന്‍റെ അലംഭാവം.

എന്നാല്‍ ഇത് ഒറ്റപ്പെട്ട അനുഭവം അല്ലെന്നും നിരവധി ആളുകള്‍ക്ക് സമാന അനുഭവം ചക്കിട്ടപ്പാറ മേഖലയില്‍ നേരിടുന്നുണ്ടെന്നും ആരോപണമുണ്ട്. കര്‍ഷകനുമായി സംസാരിച്ച കളക്ടര്‍ അടുത്തയാഴ്ചയ്ക്കുള്ളില്‍ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകുമെന്ന് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞത്.
 

click me!