അടച്ചുപൂട്ടലിനെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങി; ഇടുക്കിയില്‍ കർഷകൻ ആത്മഹത്യ ചെയ്തു

By Web TeamFirst Published Jul 2, 2021, 1:46 PM IST
Highlights


ഏലത്തിന് വില ഇടിഞ്ഞതോടെ വായ്പകളുടെ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ബാങ്കിൽ നിന്നും തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. അതോടൊപ്പം, വാഹന വായ്പയുടെ അടവ് മുടങ്ങിയതോടെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. 


ഇടുക്കി: നെടുങ്കണ്ടം പാമ്പാടുംപാറയിൽ കട ബാധ്യത മൂലം കർഷകൻ ആത്മഹത്യ ചെയ്തു.  പാമ്പാടുംപാറ നെല്ലിപ്പാറ മാവോലിൽ സന്തോഷ് ആണ് മരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിടല്‍ ദിവസങ്ങള്‍ നീണ്ടതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത മാനസീക പ്രശ്നത്തിലായിരുന്നു. നെടുംകണ്ടത്തെ സഹകരണ ബാങ്കിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായും വാഹനം വാങ്ങുന്നതിനായും സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും അദ്ദേഹം വായ്പകള്‍ എടുത്തിരുന്നു. ഏതാണ്ട് അഞ്ചര ലക്ഷത്തോളം രൂപയാണ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലുമായി ഇദ്ദേഹത്തിന് വായ്പകള്‍ ഉണ്ടായിരുന്നത്. 

ഏലത്തിന് വില ഇടിഞ്ഞതോടെ വായ്പകളുടെ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ബാങ്കിൽ നിന്നും തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. അതോടൊപ്പം, വാഹന വായ്പയുടെ അടവ് മുടങ്ങിയതോടെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇതോടെ സന്തോഷ് കടുത്ത മാനസിക സങ്കര്‍ഷത്തിലായിരുന്നെന്ന് ഭാര്യ ഗീത പറഞ്ഞു. ഏലം കൃഷി ആയിരുന്നു കുടുമ്പത്തിന്‍റെ ഏക വരുമാനം. ഏലത്തിന് വിലയിടിവ് ഉണ്ടായതോടെ വായ്പാ തിരിച്ചടവ് മുടക്കി. വാഹന വായ്പയുടെ മൂന്ന് അടവുകളാണ് കുടിശികയിനത്തിലുള്ളത്. ഉടൻ തിരിച്ചടക്കാമെന്നറിയിച്ചിട്ടും ഇവരുടെ ഭീഷണി തുടർന്നതായി ഗീത പറയുന്നു. സന്തോഷ് മരിച്ച ദിവസവും ഇവർ വീട്ടിൽ എത്തിയിരുന്നെന്നും ഗീത പറഞ്ഞു. 

ഏത് നിമിഷവും വീണുപോകാവുന്ന അവസ്ഥയിലുള്ള വീട്ടിലാണ് കുടുംബം കഴിയുന്നത്. രണ്ട് ഏക്കർ ഭൂമി ഉള്ളതിനാൽ ലൈഫ് പദ്ധതിയിൽ വഴി ഇവര്‍ക്ക് വീട് ലഭ്യമാകില്ല. കൃഷിയുടെ വരുമാനത്തിൽ നിന്നും നല്ലൊരു വീട് നിർമ്മിയ്ക്കാമെന്ന പ്രതീക്ഷയിൽ അടിത്തറ ഒരുക്കിയിട്ടിട്ട് വര്‍ഷങ്ങളായി. എന്നാല്‍, മക്കളുടെ പഠനം, കൃഷി ആവശ്യങ്ങൾക്കായുള്ള ചെലവുകൾ, ദൈനം ദിനചെലവുകളുമെല്ലാം ഏലം കൃഷിയെ മാത്രം ആശ്രയിച്ചാണ് ഈ കുടുംബം നടത്തിയിരുന്നത്. ഏലത്തിന്‍റെ വിലയിടിവ് കുടുംബത്തിന്‍റെ എല്ലാ പ്രതീക്ഷകളും തകർത്തു. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള നിരന്തര ഭീഷണിയെ തുടർന്ന് കടുത്ത മാനസിക സങ്കര്‍ഷത്തിലായിരുന്നു സന്തോഷ്. കടക്കെണി മൂലമാണ് ജീവൻ അവസാനിപ്പിക്കുന്നതെന്നും തന്‍റെ മരണത്തിന് ആരും ഉത്തരവാദികളെല്ലെന്നും അദ്ദേഹം എഴുതിവച്ച ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മൃതദേഹം വിട്ടുവളപ്പിൽ സംസ്കരിച്ചു. നെടുങ്കണ്ടം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!