ഒരേക്കറിൽ നിന്ന് 12 ലക്ഷം വരുമാനം; 'ഓട' കൃഷി ചെയ്ത് കർഷകൻ

By Web TeamFirst Published Dec 22, 2020, 10:49 AM IST
Highlights

2.5 ഏക്കറിലധികം ഭൂമിയിലാണ് ഓട വെച്ച് പിടിപ്പിച്ചിരിക്കുന്നത്. ചന്ദനത്തിരി കമ്പ് നിർമ്മാണത്തിന് ആണ് നീളം കൂടിയ ഈ ഓട പ്രധാനമായും ഉപയോഗിക്കുന്നത്. 

പുല്‍പ്പള്ളി :പരമ്പരാഗത കാർഷിക വിളകൾക്ക് വില തകർച്ച നേരിടുമ്പോൾ പുതിയ കൃഷികൾ പരീക്ഷിക്കുക വയനാട്ടിലെ കർഷകരുടെ രീതിയാണ്. ഇതിൽ ചില കൃഷികൾ വിജയമായി മാറാറുണ്ട്. വിയറ്റ്നാമിലും ചൈനയിലും പ്രചാരത്തിലുള്ള ഒരിനം ഓടയാണ് ഇക്കുറി ഈ പരീക്ഷണ കൃഷിയിൽ ഇടം പിടിച്ചിരിക്കുന്നത്. കാടിനോട് ചേർന്ന് ഓടത്തോട്ടം.

വനഭൂമിയിൽ തന്നെ വളരുന്നതാണെന്ന് ധരിക്കാൻ വരട്ടെ പുൽപ്പള്ളി മാടാപറമ്പിലെ കർഷകനായ ഭാസ്കരന്‍റെ തോട്ടമാണിത്. 2.5 ഏക്കറിലധികം ഭൂമിയിലാണ് ഓട വെച്ച് പിടിപ്പിച്ചിരിക്കുന്നത്. ചന്ദനത്തിരി കമ്പ് നിർമ്മാണത്തിന് ആണ് നീളം കൂടിയ ഈ ഓട പ്രധാനമായും ഉപയോഗിക്കുന്നത്. നേരത്തെ ചൈനയിൽ നിന്നും വിയറ്റ്നാമിൽ നിന്നുമാണ് ഇത്തരം ഓടകൾ ഇറക്കുമതി ചെയ്തിരുന്നത്.

ബാംബൂ കോർപ്പറേഷനുമായി സഹകരിച്ചാണ് കൃഷി. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദനത്തിരി നിർമ്മാണ കമ്പനികൾ ഓട വാങ്ങാൻ കരാർ ഒപ്പുവെച്ചിട്ടുണ്ട്. പുൽപ്പള്ളി , മുള്ളൻകൊല്ലി മേഖലയിലെ വരൾച്ചക്ക് പരിഹാരം എന്ന നിലക്ക് ആദ്യം ഓടയും മുളയും വെച്ച് പിടിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു.

ചതുപ്പിലാണ് പ്രധാനമായും കൃഷി. പരിപാലന ചിലവ് വളരെ കുറവാണെന്നതും മികച്ച വിളവ് ലഭിക്കുമെന്നതും ഓട കൃഷിയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നുണ്ട്. മൂപ്പെത്തിയ ഓട ഒന്നിന് 130 രൂപയാണ് നിലവിലെ വില. നാലാം വർഷം മുതൽ 12 ലക്ഷം രൂപ ഒരേക്കറിൽ നിന്ന് ലഭിക്കും.വന്യമൃഗങ്ങൾ നശിപ്പിക്കില്ലെന്നതും ഓടകൃഷിയുടെ ഗുണമാണ്

click me!