വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ വെയിലത്ത് കുഴഞ്ഞുവീണതാകാമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

By Web TeamFirst Published Feb 22, 2020, 1:20 PM IST
Highlights

ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ ചുരുങ്ങുന്ന അസുഖമാണ് സുധികുമാറിന് ഉണ്ടായിരുന്നത്. ഇതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

മലപ്പുറം: വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകന് ഗുരുതര രോഗമുണ്ടായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മലപ്പുറം തിരുന്നാവായയിലെ കർഷകൻ സുധി കുമാറിന്റെ മരണത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. ഇദ്ദേഹം വെയിലേറ്റ് കുഴഞ്ഞുവീണതാകാമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ ചുരുങ്ങുന്ന അസുഖമാണ് സുധികുമാറിന് ഉണ്ടായിരുന്നത്. ഇതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അസുഖമുള്ളവർക്ക് ചൂട് സഹിക്കാനുള്ള കഴിവ് കുറയും.അതാകാം വെയിലത്ത് കുഴഞ്ഞു വീഴാൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്. ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം അന്തിമമായി ഉറപ്പിക്കാനാവൂ എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വയലില്‍ ജോലിക്ക് പോയതായിരുന്നു സുധികുമാര്‍. സുഹൃത്തുക്കള്‍ പിന്നീട് പള്ളിയില്‍ പോകാനായി വയലില്‍ നിന്നും തിരിച്ചുപോന്നു. സുധി കുമാറിനെ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരിച്ച് വയലിലെത്തി. അപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ സുധികുമാറിനെ കണ്ടെത്തിയത്.

മരണകാരണം സൂര്യാതപമാണെന്ന് ആദ്യം സംശയം ഉയർന്നിരുന്നു. രാവിലെ 8 മണി മുതലാണ് ഇയാൾ വയലിലുണ്ടായിരുന്നത്. 11.30നാണ് മരണം. ഇത് സാധാരണയായി സൂര്യാതപം ഏൽക്കുന്ന സമയമല്ലെന്ന് മലപ്പുറം ഡിഎംഒ പ്രതികരിച്ചു. സർക്കാരുമായി അലോചിച്ച് കുടുംബത്തിന് സഹായം നൽകുമെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

click me!