
കോഴിക്കോട്: കൂരാച്ചുണ്ട് വട്ടച്ചിറയിൽ തനിച്ച് താമസിക്കുന്ന കർഷക തൊഴിലാളിയെ വിടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജുവിന്‍റെ വിട്ടിൽ നിന്ന് ദുർഗന്ധം ഉള്ളതായി അയൽവാസി പരാതിപ്പെട്ടതിനെ തുടർന്ന് കൂരാച്ചുണ്ട് പൊലിസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടന്ന് സംശയിക്കുന്നു. ഭാര്യ: ആശ മക്കൾ: അബിൻ, ഷെബിൻ, ഷാൽബിൻ.
അതേസമയം തിരുവനന്തപുരത്ത് നിന്നുള്ള മറ്റൊരു വാർത്ത ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി എന്നതാണ്. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല. ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി. അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam