മന്ത്രിമാരുടെ ഉറപ്പ് വെറുതേയായി; കോള്‍ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു

By Web TeamFirst Published Nov 29, 2018, 11:15 PM IST
Highlights

സപ്ലൈക്കോയും മില്ലുടമകളും തമ്മില്‍ നിലവിലുള്ള കാരാര്‍ പ്രകാരം കൊയ്ത്ത് കഴിഞ്ഞ നെല്ല് ചാക്കിലാക്കി ചാക്കുനൂല് ഉപയോഗിച്ച് തുന്നിക്കെട്ടി തൂക്കം നോക്കി വാഹനത്തില്‍ കയറ്റുന്ന പണി മില്ലുടമകളാണ് ചെയ്യേണ്ടത്. നെല്ല് ചാക്കിലാക്കി വാഹനത്തില്‍ കയറ്റുന്നതിന് കിലോഗ്രാമിന് 49 പൈസ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഈ തുകയില്‍ നിന്നും 12 പൈസ മാത്രം നല്‍കി കര്‍ഷകരെക്കൊണ്ട് കൊണ്ട് ഈ പ്രവൃത്തികള്‍ ചെയ്യിക്കുകയാണ്.

തൃശൂര്‍: മന്ത്രിമാരുടെ ഉറപ്പ് വെറുതെയായതോടെ കോള്‍  കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കി, നിര്‍ദ്ദേശങ്ങള്‍ ഉത്തരവായി ഇറങ്ങിയിട്ടും ഇത് പാലിക്കപ്പെടുന്നില്ലെന്നാരോപിച്ചാണ് കോള്‍കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കൊയ്‌തെടുത്ത നെല്ല് ചാക്കിലാക്കി അളവെടുത്ത് വാഹനത്തില്‍ കയറ്റുന്നതുള്‍പ്പെടെ കര്‍ഷകര്‍ ചെയ്യുകയും ഇതിന്‍റെ തുക മില്ലുടമകള്‍ വാങ്ങുകയും ചെയ്യുന്നതിന് എതിരെയായിരുന്നു കോള് കര്‍ഷകരുടെ പ്രതിഷേധം.

സപ്ലൈക്കോയും മില്ലുടമകളും തമ്മില്‍ നിലവിലുള്ള കാരാര്‍ പ്രകാരം കൊയ്ത്ത് കഴിഞ്ഞ നെല്ല് ചാക്കിലാക്കി ചാക്കുനൂല് ഉപയോഗിച്ച് തുന്നിക്കെട്ടി തൂക്കം നോക്കി വാഹനത്തില്‍ കയറ്റുന്ന പണി മില്ലുടമകളാണ് ചെയ്യേണ്ടത്. നെല്ല് ചാക്കിലാക്കി വാഹനത്തില്‍ കയറ്റുന്നതിന് കിലോഗ്രാമിന് 49 പൈസ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ഈ തുകയില്‍ നിന്നും 12 പൈസ മാത്രം നല്‍കി കര്‍ഷകരെക്കൊണ്ട് കൊണ്ട് ഈ പ്രവൃത്തികള്‍ ചെയ്യിക്കുകയാണ്.

കര്‍ഷകര്‍ ഇത് വിസമ്മതിച്ചാല്‍ നെല്ല് സംഭരണം നടത്തില്ലെന്നായിരുന്നു മില്ലുടമകളുടെ ഭീഷണി.  നെല്ല് നശിച്ചുപോകുമെന്ന ഭയത്താല്‍ ഭീഷണിക്ക് വഴങ്ങി കര്‍ഷകര്‍ ഈ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇതേ തുടര്‍ന്നാണ് ജില്ലാ കോള്‍ കര്‍ഷക സംഘം കര്‍ഷകരുടെ നിലം തരിശിടല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍  തീരുമാനിച്ചത്. കളക്ടര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും കത്ത് നല്‍കുകയും സമര പരിപാടികളിലേക്കും കര്‍ഷകര്‍ കടന്നതോടെ  ജൂലൈ 24ന് മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, പി.തിലോത്തമന്‍, സപ്ളൈകോ, മില്ലുടമകള്‍ , കര്‍ഷകര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

ഇതിന് പിന്നാലെ മില്ലുകാര്‍ ചെയ്യേണ്ട പണികള്‍ കര്‍ഷകരെക്കൊണ്ട് ചെയ്യിക്കുന്നുണ്ടെങ്കില്‍ പണം കര്‍ഷകര്‍ക്ക് നല്‍കാനും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യവകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും മന്ത്രിതല ചര്‍ച്ചയുടെ പരിഹാര നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അടിയന്തര പ്രശ്‌ന പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് കര്‍ഷകരുടെ തീരുമാനം. 

click me!