ജപ്തി ഭീഷണി; തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

By Web TeamFirst Published Dec 17, 2019, 6:34 AM IST
Highlights

ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന് വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

തൃശൂര്‍: തൃശൂരിൽ ജപ്തി ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാൽ സ്വദേശി ഔസേപ്പാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി വ്യാപകമായി നശിച്ചെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്ന് മക്കൾ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കളക്ടറോട്  റിപ്പോർട്ട് തേടിയതായും കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പ്രതികരിച്ചു.

ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഔസേപ്പ് വാഴ കൃഷി ചെയ്തിരുന്നത്. ഇതിനായി 10 സെന്റ് സ്ഥലവും വീടും പണയം വെച്ച് ബാങ്ക് ഓഫ് ഇന്ത്യയുടെ മരോട്ടിച്ചാൽ ശാഖയിൽ നിന്ന് 75,000 രൂപ വായ്പ എടുത്തിരുന്നു. കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് 50,000 രൂപയും എടുത്തിരുന്നു. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നതോടെ ഔസേപ്പ് മാനസിക വിഷമത്തിലായിരുന്നു. പ്രളയ സമയത്ത് പോലും സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് മക്കൾ പറയുന്നു. ബാങ്കുകളുടെ ഭാഗത്ത് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. 86 വയസുള്ള ഔസേപ്പിന് ഒമ്പത് മക്കളുണ്ട്. മൃതദേഹം നാളെ സംസ്കരിക്കും.

click me!