പാടങ്ങളിൽ വരിനെല്ലും കവട ശല്യവും രൂക്ഷം; കർഷകർ ദുരിതത്തിൽ

By Web TeamFirst Published Feb 25, 2020, 8:12 PM IST
Highlights

അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വരിനെല്ലും കവട ശല്യവും രൂക്ഷമാകുന്നു.

മാന്നാർ: അപ്പർ കുട്ടനാട്ടിലെ ചെന്നിത്തല പാടങ്ങളിൽ വരിനെല്ലും കവട ശല്യവും രൂക്ഷമായത് കർഷകരെ ദുഃഖത്തിലാഴ്ത്തി. 15 ബ്ലോക്കുകളിലായി 2500 ഏക്കർ വരുന്ന പാടങ്ങളിലാണ് വരിനെല്ലിന്റെയും കവടയുടെയും വിളനിലമായി മാറിയത്. ഭൂരിഭാഗം പാടങ്ങളിലും ജ്യോതി നെൽവിത്താണ് വിതച്ചത്. നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്നും കൃഷിഭവൻ മുഖേനയാണ് വിത്ത് കർഷകർക്ക് വിതരണം ചെയ്തത്. നെൽച്ചെടികൾക്കിടയിൽ വളർന്ന് പന്തലിച്ച് നിൽക്കുന്ന ഇവയെ നശിപ്പിക്കാൻ കർഷകർ പല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല.

ഒമ്പതാം ബ്ലോക്കിലെ സാം ചെറിയാൻ എന്ന യുവകർഷകൻ വരിനെല്ല് നശിപ്പിക്കാനുള്ള കണ്ടുപിടുത്തം കൃഷിശാസ്ത്രജ്ഞർ അംഗീകരിച്ചെങ്കിലും പിന്നീട് ഇതിനായി പ്രയോഗിച്ച വിഷമരുന്ന് രാജ്യവ്യാപകമായി നിരോധിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. 2018ൽ 250 ഏക്കർ വരുന്ന രണ്ടാം ബ്ലോക്ക് പാടശേഖരത്തിന് സർക്കാർ 10 ലക്ഷം രൂപ വരിനെല്ല് നശിപ്പിക്കാനായി നൽകി. മറ്റ് ബ്ലോക്കുകളിലും കർഷകർ രണ്ടാം വിള ഇറക്കി വരിനെല്ല് കിളിപ്പിച്ച് ഇളംപ്രായത്തിൽ നശിപ്പിച്ചിരുന്നു. എന്നാൽ ഓരോ വർഷവും നെല്ലിനോടൊപ്പം ആർത്ത് കിളിക്കുന്ന വരിനെല്ല് പൂത്ത് വിളഞ്ഞ് നെല്ലിനെക്കാളും ഉയരത്തിൽ നിൽക്കുന്നത് പാടങ്ങളിൽ കാണാം.

ഇത്തരത്തിൽ വിളഞ്ഞ് പഴുത്തവരിനെല്ല് കാറ്റിൽ വീഴുന്നതിനൊപ്പം ദിവസങ്ങൾക്കുള്ളിൽ വിളയാത്ത കതിർ നെല്ലും നിലംപൊത്തും. പ്രതികൂല കാലാവസ്ഥയെപ്പോലും അതിജീവിച്ച് പൊഴിഞ്ഞ് മണ്ണിൽ വീണ വരിനെല്ലിന്റെ വിത്ത് നിലം ഉഴുത് മറിക്കുന്നതിനോടൊപ്പം മുകളിൽ വരികയും നെൽവിത്ത് വിതയ്ക്കുമ്പോൾ നെല്ലിനൊപ്പം പാടമാകെ കിളിർത്ത് വരികയും ചെയ്യുന്നു. വരിനെല്ലിൽ നിന്നും രക്ഷപ്പെടാൻ ചില കർഷകർ നെൽവിത്ത് പ്രത്യേകം പാകി പറിച്ചു നട്ടെങ്കിലും ഫലമുണ്ടായില്ല. 
 

click me!