
തൃശ്ശൂര്‍: പട്ടയം കിട്ടാത്തതിനെത്തുടർന്ന് തൃശ്ശൂർ ഒല്ലൂരിലെ മലയോര കർഷകർ കെ രാജൻ എംഎൽഎയുടെ ഓഫീസിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. ജില്ലാ കളക്ടറിൽ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരം എംഎൽഎ ഓഫീസിലേക്ക് മാറ്റിയത്. ആടുകളും കോഴികളുമായി എത്തിയ കർഷകർ ഭക്ഷണം തയ്യാറാക്കി ഓഫീസിന് മുന്നിൽ തമ്പടിച്ചിരിക്കുകയാണ്.
മലയോരമേഖലകളിലെ പന്ത്രണ്ടായിരത്തോളം കർഷകർക്കാണ് ഇതുവരെ പട്ടയം കിട്ടാത്തത്. കഴിഞ്ഞ ദിവസം ഇവർ കളക്ട്രേറ്റ് ഉപരോധിച്ചെങ്കില കളക്ടറിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. 1977 ന് മുൻപ് താമസിച്ചിരുന്നതിന് രേഖകളുള്ള നൂറ് പേർക്ക് പട്ടയം നൽകാനുള്ള നടപടികൾ തുടരുകയാണെന്നും മറ്റുള്ളവർക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനം വേണമെന്നുമാണ് കളക്ടറുടെ നിലപാട്.
രണ്ട് മാസം മുമ്പ് കളക്ടറുടെ ചേംബറിന് മുന്നിൽ കർഷകർ ഉപരോധം നടത്തിയപ്പോള്‍ 45 ദിസത്തിനകം പട്ടയം കിട്ടേണ്ടവരുടെ പട്ടിക തയ്യാറാക്കാമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. 60 ദിവസം പിന്നിട്ടിട്ടും നടപടികൾ തുടങ്ങാത്തതിനാലാണ് ഇവര്‍ വീണ്ടും സമരം തുടങ്ങിയത്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ ദേശീയ പാത ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് തിരിയുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam