റവന്യൂ പട്ടയഭൂമിയിലെ വീട്ടിമരങ്ങള്‍ വിട്ടുനല്‍കണം; വയനാട്ടില്‍ കര്‍ഷകര്‍ സമരത്തിലേക്ക്

By Web TeamFirst Published Oct 13, 2019, 10:34 PM IST
Highlights

മരങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ അനുവദിച്ചാല്‍ കടക്കെണിയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് അത് ആശ്വാസമാകുമെന്നാണ് സംഘടനയുടെ വാദം. 

കല്‍പ്പറ്റ: റവന്യൂ പട്ടയഭൂമിയിലെ വീട്ടി മരങ്ങള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു. തങ്ങളുടെ ഭൂമിയിലെ ഉണങ്ങിയ മരങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണണ് പട്ടയഭൂമി കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. പലരുടെയും ഭൂമിയില്‍ വീണ് കിടക്കുന്നതും വെട്ടിമാറ്റാനായതുമായ മരങ്ങള്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കും സര്‍ക്കാരിനും ഉപകാരമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇവരുടെ വാദം. 

ഉണങ്ങി നില്‍ക്കുന്ന മരങ്ങളാകട്ടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും കര്‍ഷണകര്‍ പറയുന്നു. ജില്ലയിലാകെയുള്ള റവന്യൂ പട്ടയ ഭൂമിയില്‍ വീണു കിടക്കുന്നതും കേടുബാധിച്ചതുമായി 10,905 വീട്ടി മരങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം 32715 ക്യൂബിക് മീറ്റര്‍ വരുന്ന ഇത്രയും മരത്തിന് നിലവില വിപണിയനുസരിച്ച് 491 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മരങ്ങള്‍ മുറിച്ചു വില്‍ക്കാന്‍ അനുവദിച്ചാല്‍ കടക്കെണിയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് അത് ആശ്വാസമാകുമെന്നാണ് സംഘടനയുടെ വാദം. 

സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് 1960 ലെ കേരള ലാന്‍ഡ് അസൈന്‍മെന്‍റ് നിയമം ഭേദഗതി ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജന്മഭൂമിയിലെ കര്‍ഷകര്‍ക്ക് ഇത്തരം മരങ്ങളുടെ മേല്‍ പരിപൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ടെങ്കിലും പട്ടയ ഭൂമിയിലെ കര്‍ഷകരോട് വിവേചനം കാണിക്കുന്നെന്നാണ് കര്‍ഷകരുടെ പരാതി. മൂപ്പെത്തിയ മരങ്ങള്‍ മുറിച്ചു വില്‍ക്കാന്‍ അനുവാദം ലഭിച്ചാല്‍ കര്‍ഷകര്‍ തന്നെ ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതുവഴി വയനാട് കൂടുതല്‍ ഹരിതാഭമാകുകയും ചെയ്യുമെന്ന് സമിതി ജില്ലാ പ്രസിഡണ്ട് ടി.എം. ബേബി,  കിസാന്‍ സഭ ഡോ. അമ്പി ചിറയില്‍ കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസി. എന്‍.ഒ. ദേവസ്യ, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കെ. രാജന്‍, ബി. രാധാകൃഷ്ണ പിള്ള തുടങ്ങിയവര്‍ പറഞ്ഞു. ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി 12,000 ഏക്കര്‍ റവന്യൂ പട്ടയ ഭൂമി ഉണ്ടെന്നാണ് കണക്ക്.
 

click me!