സണ്ണി ലിയോണിക്കൊപ്പം റാംപ് വാക്ക്, വാഗ്ദാനം പൊളിഞ്ഞു, വിശ്വസിച്ചെത്തിയവര്‍ക്ക് നിരാശ, ഇടപെടലുമായി പൊലീസ്

Published : Sep 03, 2023, 02:18 PM ISTUpdated : Sep 03, 2023, 02:19 PM IST
സണ്ണി ലിയോണിക്കൊപ്പം റാംപ് വാക്ക്, വാഗ്ദാനം പൊളിഞ്ഞു, വിശ്വസിച്ചെത്തിയവര്‍ക്ക് നിരാശ, ഇടപെടലുമായി പൊലീസ്

Synopsis

പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നടപടി. സംഘാടകര്‍ നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം

കോഴിക്കോട്: ചലചിത്രതാരം സണ്ണി ലിയോണിക്കൊപ്പം റാംപ് വാക്ക് ചെയ്യാമെന്ന വാഗ്ദാനം വിശ്വസിച്ച് ഫാഷന്‍ ഷോയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിരാശ. സംഘാടനത്തിലെ പിഴവ് മൂലം പരിപാടി നിര്‍ത്തിച്ച് പൊലീസ്. കോഴിക്കോട് സരോവരത്ത് സംഘടിപ്പിച്ച ഫാഷന്‍ ഷോയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിയത്. പങ്കെടുക്കാനെത്തിയവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നടപടി. സംഘാടകര്‍ നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

സമാപന ദിവസമായ ഇന്നലെ സണ്ണി ലിയോണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. സരോവരം ട്രേഡ് സെന്‍ററിലാണ് ഫാഷന്‍ റേയ്സ് എന്ന പേരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. എന്‍ട്രി ഫീസായി ആറായിരം രൂപ നല്‍കിയെങ്കിലും മതിയായ സൗകര്യം പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം ഉടലെടുത്തത്. കോസ്റ്റ്യൂം ഏറെ വൈകിയാണ് പലര്‍ക്കും കിട്ടിയത്. കിട്ടിയ വസ്ത്രങ്ങള്‍ക്ക് നിലവാരമില്ലെന്നും പങ്കെടുക്കാനെത്തിയവര്‍ ആരോപിച്ചു. പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണം പോലും നല്‍കിയില്ലെന്നാണ് രജിസ്റ്റര്‍ ചെയ്ത് ഷോയില്‍ പങ്കെടുക്കാനെത്തിയവര്‍ ആരോപിക്കുന്നത്.

സംഘാടകര്‍ക്കെതിരായി പ്രതിഷേധം ശക്തമായതോടെ നടക്കാവ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പരിപാടി നിര്‍ത്തി വെപ്പിച്ച ശേഷം ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തു. പങ്കെടുക്കാനെത്തിയ ആളുകളെ മുഴുവന്‍ പൊലീസ് സ്ഥലത്ത് നിന്നും നീക്കി. മുന്നൂറ് കുട്ടികളുള്‍പ്പെടെ തൊള്ളായിരത്തിലധികം ആളുകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ ഷോയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.

വാഗ്ദാനം ചെയ്ത സൗകര്യം പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയില്ലെന്ന പരാതിയില്‍ സംഘടാകടര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. എന്നാല്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും മനപൂര്‍വ്വം ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതാണെന്നുമാണ് സംഘാടകരുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി