മക്കളെ പുഴ കാണിക്കാൻ പോയി, കാത്തിരുന്നത് ദുരന്തം; പിതാവിനേയും മകനേയും ഒഴുക്കിൽപ്പെട്ട് കാണാതായി

By Web TeamFirst Published Sep 25, 2020, 9:44 PM IST
Highlights

വെള്ളിയാഴ്ച കുളിക്കാൻ പോയ അയൽവാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാൻ പോകുകയായിരുന്നു. ആദ്യം മുഹമ്മദ് ശംവീൽ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീണു.

തിരൂരങ്ങാടി: മക്കളെ പുഴകാണിക്കാൻ പോയ പിതാവിനേയും മകനേയും ഒഴുക്കിൽപ്പെട്ട് കാണാതായി. കടലുണ്ടിപ്പുഴയിൽ കക്കാട് ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങൽ അലവിയുടെ മകൻ ഇസ്മാഈൽ (36) മകൻ  മുഹമ്മദ് ശംവീൽ (ഏഴ്)) എന്നിവരെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന മകൻ ശാനിബിനെ (ഒമ്പത്) അയൽവാസി രക്ഷപ്പെടുത്തി. 

വെള്ളിയാഴ്ച രാവിലെ 11.30 നാണ് സംഭവം. ഇസ്മാഈൽ തറവാട് വീട്ടിൽ നിന്നും കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച് പതിനെട്ട് ദിവസം മാത്രമായിട്ടുള്ളു താമസം മാറ്റിയിട്ട്. അന്ന് മുതൽ തന്നെ കുട്ടികൾ പുഴയിൽ കുളിക്കാൻ ആവശ്യപ്പെടാറുണ്ടെങ്കിലും സമ്മതിക്കാറില്ലായിരുന്നു. 

വെള്ളിയാഴ്ച കുളിക്കാൻ പോയ അയൽവാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാൻ പോകുകയായിരുന്നു. ആദ്യം മുഹമ്മദ് ശംവീൽ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാൽ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും അപകടത്തിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാരറിയുന്നത്. 

രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബൂദാബിയിൽ ജോലി ചെയ്തുവരികയായിരുന്ന ഇസ്മാഈൽ അടുത്ത ഡിസംബറിൽ തിരിച്ച് പോകാനിരിക്കുകയായിരുന്നു.

click me!