വാഹനമിടിച്ച് കുട്ടിക്കുരങ്ങന് ദാരുണാന്ത്യം; കാവലിരുന്ന് അച്ഛനും അമ്മയും, പിന്നാലെ മുന്നറിയിപ്പ് ബോര്‍ഡ്

By Web TeamFirst Published Nov 26, 2022, 8:23 AM IST
Highlights


ഇരുവരും റോഡിനോട് ചേര്‍ന്ന് മരിച്ച് കിടക്കുന്ന കുഞ്ഞിനടുത്തേക്ക് ഇടയ്ക്കിടെ വരും. ചെവിയോര്‍ത്ത് തങ്ങളുടെ കുഞ്ഞിന് ജീവനുണ്ടോയെന്ന് നോക്കും. തൊട്ട് നോക്കും. പിന്നെയും മാറിയിരിക്കും. കുറച്ച് കഴിഞ്ഞ് വീണ്ടും എന്തോ ഓര്‍ത്തപോലെ കുഞ്ഞിനടുത്തേക്ക് വരും. 

കാസര്‍കോട്:  വാഹനം ഇടിച്ച് മരിച്ച മകന് കാവലിരിക്കുകയാണ് അച്ഛനും അമ്മയും. നാട്ടുകാര്‍ കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്യാനായി എത്തിയെങ്കിലും ഇരുവരും മൃതദേഹത്തിന് സമീപത്ത് നിന്ന് മാറാന്‍ തയ്യാറായില്ല. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിന് സമീപത്തെ ഇടയിലക്കാട് റോഡിലായിരുന്നു അപകടം. കാവിന് സമീപത്തെ റോഡില്‍ കൂടി പോയ ഏതോ വാഹനമിടിച്ചാണ് കുഞ്ഞിക്കുരങ്ങ് മരിച്ചത്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും അവന് ജീവനുണ്ടോയെന്ന് പരിശോധിക്കുന്ന കാഴ്ച ഏവരുടെയും കളരലിയിക്കുന്നതായി. 

ഇരുവരും റോഡിനോട് ചേര്‍ന്ന് മരിച്ച് കിടക്കുന്ന കുഞ്ഞിനടുത്തേക്ക് ഇടയ്ക്കിടെ വരും. ചെവിയോര്‍ത്ത് തങ്ങളുടെ കുഞ്ഞിന് ജീവനുണ്ടോയെന്ന് നോക്കും. തൊട്ട് നോക്കും. പിന്നെയും മാറിയിരിക്കും. കുറച്ച് കഴിഞ്ഞ് വീണ്ടും എന്തോ ഓര്‍ത്തപോലെ കുഞ്ഞിനടുത്തേക്ക് വരും. വീണ്ടും ചെവിയോര്‍ക്കും. തോട്ട് നോക്കും. പ്രതികരണമില്ലാതാകുമ്പോള്‍ കുറച്ച് മാറിയിരിക്കും. വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കും. 

ഇടയിലക്കാട് റോഡ് വഴി പോയവരെല്ലാം ഇന്നലെ ഈ കരളലിയിക്കുന്ന കാഴ്ച കണ്ടു. ചിലര്‍ സങ്കടം തോന്നി കുട്ടിക്കുരങ്ങിന്‍റെ മൃതദേഹം മറവ് ചെയ്യാനായി മുന്നോട്ട് വന്നു. എന്നാല്‍, ആ അച്ഛനും അമ്മയും തങ്ങളുടെ മകന്‍ മരിച്ചെന്ന് സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. അവര്‍ കുഞ്ഞിനടുത്തേക്ക് വന്നവര്‍ക്ക് നേരെ ചീറിയടുത്തു. ചിലരെ അക്രമിക്കാനായി പാഞ്ഞടുത്തു. ഒടുവില്‍ ഇനിയൊരിക്കലും അവന്‍ തിരിച്ചെത്തില്ലെന്ന് മനസിലായപ്പോഴും ആ കുഞ്ഞിന്‍റെ മൃതദേഹത്തിനടുത്ത് നിന്ന് മാറാതെ ഇരുവരും നിലയുറപ്പിച്ചു. 

 

ചെറുവത്തൂരിന് സമീപത്തെ ടൂറിസം കേന്ദ്രമായ വലിയപറമ്പില്‍ എത്തുന്നവരുടെ പ്രധാന ആകര്‍ഷണമാണ് ഇടയിലക്കാട് കാവും കാവിലെ അന്തേവാസികളായ വാനര സംഘം. ഓണം നാളില്‍ ഇവര്‍ക്കായി നാട്ടുകാര്‍ പ്രത്യേക വാനര സദ്യയൊരുക്കുന്നത് പ്രസിദ്ധമാണ്. അന്ന് വാനരസദ്യയില്‍ പങ്കെടുക്കുന്നതിനായി നാടിന്‍റെ നാനാ ഭാഗത്ത് നിന്നും നിരവധി പേരെത്തും. വാനരന്മാര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കും. 

എന്നാല്‍ മറ്റ് ദിവസങ്ങളില്‍ അത്ര സുലഭമായ ഭക്ഷണം ലഭിച്ചെന്ന് വരില്ല. ചിലപ്പോള്‍ പട്ടിണിയാകും. ഇത്തരം സമയങ്ങളില്‍ സഞ്ചാരികളില്‍ നിന്ന് ഭക്ഷണം തേടി കുരങ്ങന്മാര്‍ റോഡിലേക്കിറങ്ങും. ഇത് പലപ്പോഴും വാഹനാപകടത്തിന് കാരണമാകും. നിരവധി കുരങ്ങുകള്‍ ഇതിന് മുമ്പും ഇതുപോലെ ചത്തുവീണിട്ടുണ്ട്. അപകടമരണം കൂടിയപ്പോള്‍ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ടു. വാനരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന വാഹന ഓട്ടം പാടില്ലെന്നാണ് കര്‍ശന താക്കീത് നല്‍കി ബോര്‍ഡ് വച്ചു.  പരിസ്ഥിതി സ്നേഹികളുടെ നിരീക്ഷണവും ഇനി ഈ പ്രദേശത്തുണ്ടാകും.
 

click me!