
കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നു വീണ്ടും തുടങ്ങും. പ്രദേശ വാസികളുടെ ഹർത്താലിനെ തുടർന്ന് ഇന്നലെ പ്രവൃത്തികൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു. പ്ലാന്റിന്റെ ചുറ്റുമതിൽ നിർമ്മിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് . വീണ്ടും പണി തുടങ്ങിയാൽ പ്രതിഷേധം ശക്തമാക്കാൻ ആണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ അറസ്റ്റിലായ നാട്ടുകാരെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയിൽ നിന്ന് പുറകോട്ടിൽ നിന്നാണ് നഗരസഭയുടെ നിലപാട്. സമരത്തിന് യുഡിഎഫ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ഈ വിഷയത്തിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു. എന്ത് വിലകൊടുത്തും ജനവാസ മേഖലയിലെ പ്ലാന്‍റ് നിർമ്മാണം തടയുമെന്ന് യുഡിഎഫ് പ്രഖ്യാപിക്കുന്നു. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് മേയർ. അതിനിടെ, പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് സമരസമിതി നേതാക്കൾക്ക് എതിരെ ജുവനൈൽ നിയമപ്രകാരം പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കോതിയിലെ മാലിന്യ പ്ലാന്‍റ് നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിനൊടുവിൽ യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് തീരുമാനം. ആവിക്കലിലും കോതിയിലും മാലിന്യ പ്ലാന്‍റ് വരുന്നതിനെ ആദ്യം അനുകൂലിച്ചവരാണ് എംകെ രാഘവൻ എംപി ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ. ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അവർ നിലപാട് മാറ്റിയെന്ന് മേയർ ബീന ഫിലിപ്പ് ആരോപിച്ചു. സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ആവർത്തിച്ച് നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് ചെമ്മങ്ങാട് പൊലീസ് സമരസമിതി പ്രവർത്തർക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam