പെണ്‍മക്കളെ ഉപേക്ഷിച്ച് നാടുവിട്ട പിതാവിന് ജയിൽവാസം

By Web TeamFirst Published Nov 14, 2019, 10:17 PM IST
Highlights

പെണ്‍മക്കളെ ഉപേക്ഷിച്ച് നാടുവിട്ട ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിന് ജയില്‍വാസം. ജില്ലയിലെ ആദ്യത്തെ കേസെന്ന് പൊലീസ്. 

ഇടുക്കി: പെൺമക്കളെ ഉപേക്ഷിച്ച് നാടുവിട്ടശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെ ജയിലിലാക്കി ദേവികുളം പോലീസ്. കണ്ണൻദേവൻ കബനി ഗൂഡാർവിള എസ്റ്റേറ്റിൽ മാനില ഡിവിഷനിൽ താമസിക്കുന്ന ബാസ്റ്റിൻറെ മകൻ ആനന്ദിനെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലടച്ചത്.

നാലുമാസം മുമ്പാണ് ആനന്ദിനെ കാണാതായത്. ഭാര്യയുടെ പരാതിയിൽ  പോലീസിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇയാൾ തമിഴ്നാട് ഗൂഡലൂരിൽ മറ്റൊരു പെൺകുട്ടിയുമായി താമസിക്കുകയാണെന്ന് ദേവികുളം എസ്ഐ ദിലീപ് കുമാറിന് വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്റ്റേറ്റിൽ താമസിക്കവെ അയൽവാസിയുടെ കൈ തല്ലിയൊടിച്ച കേസിൽ ഇയാൾ പ്രതിയായിരുന്നു.

മുൻകൂർ ജാമ്യമെടുത്തെങ്കിലും കണ്ടീഷൻ ബെയിലിൽ ഇരിക്കവെയാണ് ആനന്ദ് തമിഴ്നാട്ടിലേക്ക് കടന്നത്.  ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരമാണ് ജെജെ ആക്ട് ചുമത്തിയത്. മക്കളെ ഉപേക്ഷിച്ചു പോകുന്ന മതാപിതാക്കൾക്ക് ഒരു പാഠമാണ് പോലീസിന്റെ നടപടിയെന്ന് മൂന്നാർ ഡിവൈഎസ്പി രമേഷ്കുമാർ പറഞ്ഞു. എഎസ്ഐ  ഹാഷിം,  ഷൗക്കത്,  സിപിഒ ബിനീഷ് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
 

click me!