നിലമ്പൂരില്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച് ഫെഡറല്‍ ബാങ്ക്

By Web TeamFirst Published Jul 21, 2020, 9:30 AM IST
Highlights

കവളപ്പാറയില്‍ വീട് നഷ്ടപെട്ടവര്‍ക്ക് വീടുകള്‍ നല്‍കിയതിനു ശേഷം മാത്രമേ മറ്റ് കോളനിക്കാരുടെ പുനരധിവാസം നടത്താവൂ എന്നു പറഞ്ഞ് സ്ഥലം എം.എല്‍.എ പി വി അൻവര്‍ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി തടഞ്ഞത് നേരത്തെ വിവാദമായിരുന്നു. 

പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന നിലമ്പൂരിലെ ചളിക്കല്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് പുതിയ വീടുകളായി. ചെമ്പന്‍കൊല്ലിയിലെ സര്‍ക്കാര്‍ സ്ഥലത്ത് ഫെഡറല്‍ ബാങ്കാണ് ആദിവാസി കുടുംബങ്ങള്‍ക്ക് 34 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ‍ ചളിക്കല്‍ കോളനിയിലെ 24 വീടുകളാണ് തകര്‍ന്നത്. അപകടസാധ്യത കണക്കിലെടുത്ത് ഇവിടുത്തെ കുടുംബങ്ങള്‍ സമീപത്ത വാടകവീടുകളിലേക്ക് താമസം മാറ്റി. വാടക കൊടുക്കാൻ നിര്‍വാഹമില്ലാതെ ദുരിതത്തിലായതോടെ പുനരധിവാസത്തിനായി കോളനി നിവാസികള്‍ പ്രതിഷേധം ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് എടക്കര വില്ലേജില്‍ ചെമ്പന്‍കൊല്ലി മലച്ചിയില്‍ വീടു നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഭൂമി വാങ്ങിയത്. ഈ സ്ഥലത്ത് 34 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാൻ ഫെഡറല്‍ ബാങ്ക് മുന്നോട്ട് വരികയായിരുന്നു.

കവളപ്പാറയില്‍ വീട് നഷ്ടപെട്ടവര്‍ക്ക് വീടുകള്‍ നല്‍കിയതിനു ശേഷം മാത്രമേ മറ്റ് കോളനിക്കാരുടെ പുനരധിവാസം നടത്താവൂ എന്നു പറഞ്ഞ് സ്ഥലം എം.എല്‍.എ പി വി അൻവര്‍ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തി തടഞ്ഞത് നേരത്തെ വിവാദമായിരുന്നു. ജില്ലാ കലക്ടറും എംഎല്‍എയും തമ്മില്‍ പരസ്യമായി തര്‍ക്കമുണ്ടായെങ്കിലും ജില്ലാ കലക്ടര്‍ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായത്. വീടുകളുടെ താക്കോല്‍ ദാനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

click me!