Latest Videos

60 അടി താഴ്ചയുള്ള കിണറ്റിൽ വീണു; കാലിന്‍റെ എല്ല് പൊട്ടി, വേദന കൊണ്ട് പുളഞ്ഞ് യുവാവ്;സാഹസിക രക്ഷാപ്രവര്‍ത്തനം

By Web TeamFirst Published Jan 29, 2023, 9:37 PM IST
Highlights

വൈകുന്നേരം 3.20ഓടെയാണ് അപകടം ഉണ്ടായത്. ഉടൻ കൂടെ ഉണ്ടായിരുന്ന അനന്ദൻ കിണറ്റിലിറങ്ങി സനലിനു പ്രാഥമികമായ ശുശ്രുഷകള്‍ നൽകി. മുകളിൽ കൂടെ ഉണ്ടായിരുന്ന അനീഷ്, ഷിജു എന്നിവർ ചേർന്ന് സനലിനെരക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ സാധിച്ചില്ല.

കാഞ്ഞങ്ങാട് : കിണര്‍ വൃത്തിയാക്കുന്നതിനിടെ പിടി വിട്ട് വീണയാളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. രാവണേശ്വരം കുന്നുപാറയിലെ പുരുഷുവിന്‍റെ വീട്ടിലെ അറുപതടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് സനല്‍ എന്നയാള്‍ക്ക് അപകടം ഉണ്ടായത്. കിണർ വൃത്തിയാക്കി കയറുന്നതിനിടെ അമ്പതടിയോളം മുകളിൽ എത്തിയപ്പോഴാണ് സനല്‍ കയറിൽ നിന്ന് പിടി വിട്ട് കിണറിന്റെ അടിതട്ടിലേക്കു വീണത്.

ബങ്കളം സ്വദേശിയും ഗ്യാസ് ടാങ്കർ ലോറി ജോലിക്കാരനുമാണ് സനല്‍. ലോറിയിലെ നാലോളം ജീവനക്കാർ വാടകയ്ക്കെടുത്ത വീട്ടിലെ കിണറിലെ ചളിയും മറ്റും മാറ്റുന്നതിന് വേണ്ടിയാണ് കിണറ്റില്‍ ഇറങ്ങിയത്. വൈകുന്നേരം 3.20ഓടെയാണ് അപകടം ഉണ്ടായത്. ഉടൻ കൂടെ ഉണ്ടായിരുന്ന അനന്ദൻ കിണറ്റിലിറങ്ങി സനലിനു പ്രാഥമികമായ ശുശ്രുഷകള്‍ നൽകി. മുകളിൽ കൂടെ ഉണ്ടായിരുന്ന അനീഷ്, ഷിജു എന്നിവർ ചേർന്ന് സനലിനെരക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ സാധിച്ചില്ല.

ഇതോടെയാണ് ഇവര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സ് വാഹനം മറ്റൊരു രക്ഷാപ്രവര്‍ത്തനത്തിന് പോയതിനാൽ തൃക്കരിപ്പുരിൽ നിന്ന് ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എം ശ്രീധരന്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഫയർ ആന്‍ഡ് റെസ്ക്യു ഓഫീസർ വി എൻ വേണുഗോപാൽ, എച്ച് ടി ഭഗത്ത് എന്നിവരാണ് കിണറ്റിൽ ഇറങ്ങിയത്. അമ്പതു മിനിറ്റോളം സമയമെടുത്താണ് സാഹസികമായി സനലിനെ മുകളില്‍ എത്തിക്കാൻ സാധിച്ചത്.

സനലിന്‍റെ കാലിന്‍റെ എല്ല് ഒടിഞ്ഞതു മൂലം അദ്ദേഹത്തെ സ്ട്രെച്ചറില്‍ കയറ്റാൻ നന്നേ പാടുപെടേണ്ടി വന്നു. ഇതിനു ശേഷം വടം കെട്ടി വളരെ പതുക്കെയാണ് സ്ട്രെച്ചര്‍ ഉയത്താനായത്. കിണറിന്‍റെ ഒരു ഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന നിലയിലായതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. മുകളില്‍ എത്തിച്ച ശേഷം സനലിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു.

അസഹ്യമായ വേദന കാരണം സ്ട്രെച്ചറില്‍ തന്നെ സനലിനെ കുറെ നേരം കിടത്തേണ്ടി വന്നു. തുടര്‍ന്ന് മരുന്ന് കുത്തിവെച്ച് വേദന കുറച്ച ശേഷമാണ് മാറ്റാനായത്. ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർമാരായ വി ബിനു, ജയശങ്കർ , ഹോംഗാർഡുമാരായ കെ രമേശൻ, സി നരേന്ദ്രൻ സിവിൽ ഡിഫൻസ് അംഗങ്ങളായ പി പി പ്രദീപ് കുമാർ, സി രാഹുൽ നാട്ടും എന്നിവര്‍ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

നിര്‍ത്തിയിട്ട ടോറസിന് പിന്നില്‍ കാറിടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

click me!