
മൂവാറ്റുപുഴ: തങ്ങളുടെ കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് തുറക്കരുതെന്ന അഭ്യർഥനയുമായി അഞ്ചാം ക്ലാസ് വിദ്യാർഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചു. മാറാടി അഞ്ചാം വാർഡിലെ അവറാച്ചൻ ഉന്നതിയിൽ കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെയാണ് കത്ത്. ജനകീയ സമര സമിതിയുടെ സമരം തുടരുന്നതിനിടെയാണ് മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ഇവാനിയ മരിയ സജേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. 50ൽ അധികം കുട്ടികൾ കളിച്ചുനടക്കുന്ന സ്ഥലത്താണ് കള്ള് ഷാപ്പ് തുടങ്ങാൻ പോകുന്നതെന്ന് കത്തിൽ പറയുന്നു.
കത്തിൽ പറയുന്നത് ഇങ്ങനെ: "കുറെ ദിവസങ്ങളായി ഞങ്ങളുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഈ ഷാപ്പിനെതിരെ സമരത്തിലാണ്. ഇന്നലെ ക്ലാസ് ഇല്ലാതിരുന്നതിനാൽ ഞങ്ങളും സമരപ്പന്തലിൽ പോയിരുന്നു. അവിടെ പൊലീസും കള്ള് ഷാപ്പിന്റെ ആൾക്കാരും നാട്ടുകാരും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. ഞങ്ങളൊക്കെ വല്ലാതെ പേടിച്ചു പോയി. സർ, കള്ള് ഷാപ്പ് ഇവിടെ നിന്ന് മാറ്റിത്തരാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചു കൊണ്ടാണ് ഈ കത്ത് എഴുതുന്നത്. അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർഥമായി ഞാൻ വിശ്വസിക്കുന്നു."
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam