
മലപ്പുറം: സ്ത്രീധനത്തിനെതിരായ പോരാട്ടത്തിൽ സമൂഹ മനഃസ്ഥിതിയിൽ മാറ്റമുണ്ടാക്കാനുള്ള ചാലക ശക്തിയായി യുവാക്കൾ മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി. വനിതാ കമ്മീഷൻ നിലമ്പൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിച്ച 'സ്ത്രീധനം സാമൂഹിക വിപത്ത്' അവബോധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മഹിളാമണി.
സ്ത്രീധനത്തിന്‍റെ പേരിലുള്ള മരണങ്ങൾ തുടർക്കഥയാവുകയാണ്. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഇതവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കും. എന്നാൽ, സ്ത്രീധന മരണങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാമ്പസുകൾ കേന്ദ്രീകരിച്ച് സ്ത്രീധന വിരുദ്ധ കാമ്പയിൻ ആരംഭിക്കാൻ കഴിഞ്ഞ വനിതാ കമ്മീഷൻ യോഗം തീരുമാനിച്ചത്. അതിൻ്റ തുടക്കമാണ് നിലമ്പൂർ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ നടന്നതെന്നും വി.ആർ. മഹിളാമണി പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷയായിരുന്നു. മലപ്പുറം ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ ശ്രുതി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുണ ജയകുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. എസ്. സഞ്ജയ് കുമാർ, കോളജ് വുമൺ സെൽ കോ-ഓർഡിനേറ്റർ എം.പി. സമീറ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ഗോപു എസ്. പിള്ള എന്നിവർ സംസാരിച്ചു. സ്ത്രീധനം - സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ അഡ്വ. എസ്. സ്വപ്ന ക്ലാസെടുത്തു. വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന സ്വാഗതവും കോളജ് യൂണിയൻ ചെയർമാൻ കെ. മുഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam