
തിരുവനന്തപുരം: മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടിപിടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലാണ് തർക്കമുണ്ടായത്. ഇരുവരും ലഹരിയിലായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പൊലീസ് ഇവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും തമാശയ്ക്ക് ചെയ്താണെന്നാണ് മറുപടി നൽകിയത്. അതേസമയം, ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ ഇരുവരുടെയും പേരിൽ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. 'നൈറ്റ് ലൈഫ്' തെരുവായ മാനവീയത്തിൽ സാധാരണ രാത്രികാലങ്ങളിൽ സംഗീത പരിപാടികളും തെരുവുനാടകങ്ങളുമുണ്ടാകാറുണ്ട്. നിശാഗന്ധിയിലും മറ്റും പരിപാടികളുള്ള രാത്രികളിൽ പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നവർ മാനവീയത്ത് തമ്പടിക്കുന്നതും പതിവാണ്.
ഔദ്യോഗികമായി നൈറ്റ് ലൈഫ് ആരംഭിച്ചതിനുശേഷം പലപ്പോഴായി ചെറുതും വലുതുമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. മദ്യപാനവും തർക്കങ്ങളും മൂലം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പൊലീസ് ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾ കൂട്ടാമായെത്തുന്ന ഇവിടെ രാത്രികാലങ്ങളിൽ കൂട്ടത്തല്ല് വരെ നടന്നിരുന്നു. ഇൻസ്റ്റാഗ്രാം വീഡിയോ പകർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയും ഒരു യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷം പതിവായതോടെ കൂടുതൽ സിസിടിവി ക്യാമറകളും സ്ഥിരമായ പൊലീസ് എയ്ഡ് പോസ്റ്റും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam