തൃശൂർ പുല്ലാനിക്കാട് പുഴയോരത്ത് നായയെ വിഴുങ്ങാൻ ശ്രമിച്ച കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടിയത്.
തൃശൂർ: പുല്ലാനിക്കാട് മേലേതിൽ പാലത്തിന് സമീപം പുഴയോട് ചേർന്നുള്ള പറമ്പിൽ നിന്ന് കൂറ്റനൊരു മലമ്പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടു കൂടി പ്രദേശവാസികളാണ് നായയെ വിഴുങ്ങാൻ ശ്രമിക്കുന്ന നിലയിൽ മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
വനപാലകർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മലമ്പാമ്പ് നായയെ ഉപേക്ഷിച്ചെങ്കിലും അതിനോടകം തന്നെ നായ ചത്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. വടക്കാഞ്ചേരി ഫോറസ്റ്റ് സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെ വലയിലാക്കിയത്. പിടികൂടിയ പാമ്പിനെ ഉൾവനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
