
കാസർകോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പള്ളിയിൽ കൈയാങ്കളി. എരുതുംകടവ് ജമാഅത്ത് പള്ളിയിലാണ് സംഭവം. പള്ളി കമ്മിറ്റിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തെ ചൊല്ലിയായിരുന്നു തർക്കം.
നാല് മാസമായി പള്ളി കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. എന്നാൽ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഒരുമിച്ച് ദേശീയ പതാക ഉയര്‍ത്താമെന്ന് തീരുമാനമായി. തുടർന്നാണ് ആഗസ്റ്റ് 15ന് പള്ളിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
എന്നാൽ ആര് പതാക ഉയര്‍ത്തണമെന്ന കാര്യത്തെ ചൊല്ലി വീണ്ടും തർക്കമുണ്ടായി. ഇരുവിഭാഗവും ഒരുമിച്ച് പതാക ഉയര്‍ത്താന്‍ ശ്രമിച്ചതോടെ വാക്കേറ്റവും കൈയാങ്കളിയിലുമാണ് കാര്യങ്ങളെത്തിയത്. ദേശീയ പതാകയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന തരത്തില്‍ കൈയാങ്കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. സംഭവത്തിൽ വിദ്യാനഗര്‍ പൊലീസ് അന്വേണം ആരംഭിച്ചു.
Read More : വരൾച്ചാ ഭീഷണിയിൽ കേരളം; മൺസൂൺ മഴ കുത്തനെ കുറഞ്ഞു, കാരണം ഈ പ്രതിഭാസം, മുന്നറിയിപ്പ് ഇങ്ങനെ...